LiveTV

Live

Kerala

ഇബ്രാഹിംകുഞ്ഞിനെതിരെ ജില്ലാ നേതൃത്വം പരാതി നൽകിയിട്ടുണ്ട്, കെപിഎ മജീദ് അറിയണമെന്നില്ല: വി.കെ ബീരാൻ

ലീഗിൽ പാണക്കാട് തങ്ങളാണ് സുപ്പീരിയറെന്നും ബീരാൻ

ഇബ്രാഹിംകുഞ്ഞിനെതിരെ ജില്ലാ നേതൃത്വം പരാതി നൽകിയിട്ടുണ്ട്, കെപിഎ മജീദ് അറിയണമെന്നില്ല: വി.കെ ബീരാൻ

മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ മുസ്‍ലിം ലീഗ് എറണാകുളം ജില്ലാ നേതൃത്വം പരാതി നൽകിയിട്ടുണ്ടന്ന് സംസ്ഥാന കൗൺസിലംഗം വി.കെ ബീരാൻ. കെപിഎ മജീദ് പരാതിയെ കുറിച്ച് അറിയണമെന്നില്ല. ലീഗിൽ പാണക്കാട് തങ്ങളാണ് സുപ്പീരിയറെന്നും ബീരാൻ പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിനെതിരെ നിരന്തരമുണ്ടാകുന്ന പരാതികൾ പാർട്ടിയുടെ പ്രതിച്ഛായ തകർക്കും. സംസ്ഥാന നേതൃത്വത്തോട് ജില്ലാ നേതൃത്വം അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ഇന്നലെയാണ് ജില്ലാ പ്രസിഡന്റ് കെ.എം മജീദ് പരസ്യ പ്രസ്താവന നടത്തിയത്‌. അത്തരം പരാതിയില്ലന്നായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ പ്രതികരണം. എന്നാൽ കെപിഎ മജീദിനെ തള്ളിയാണ് ഇബ്രാഹിം കുഞ്ഞിന്റെ സഹോദരൻ കൂടിയായ വികെ ബീരാന്റെ പ്രതികരണം

പാലാരിവട്ടം പാലം അഴിമതിക്ക് പിന്നാലെയാണ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് കള്ളപണം നിക്ഷേപിച്ചെന്ന ആരോപണം ഇബ്രാഹിം കുഞ്ഞിനെതിരെ ഉയരുന്നത്. ഇതിന് പിന്നാലെ പരാതിക്കാരനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയും ഉയർന്നതോടെയാണ് ഇബ്രഹിംകുഞ്ഞിനെതിരെ നടപടി വേണമെന്ന ആവശ്യം എറണാകുളം ജില്ലാ കമ്മറ്റിയിൽ ശക്തമായത്. തുടർനടപടി ആലോചിക്കാൻ ചേർന്ന ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് ഒഴിവാക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങൾ കൊച്ചിയിലെത്തി ജില്ലാ നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു.