LiveTV

Live

Kerala

കോട്ടയത്ത് വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുന്നത്തുറ സെന്‍റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയിൽ ആണ് മരിച്ചത്

കോട്ടയത്ത് വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം അയർക്കുന്നത്ത് വൈദികനെ പള്ളിമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്‍റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയിൽ ആണ് മരിച്ചത്. ഇടവകയിൽ ഉണ്ടായ ചില സംഭവങ്ങളിൽ വൈദികൻ മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നതായി രൂപത വ്യക്തമാക്കി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്നലെ വൈകുന്നേരത്തോടെയാണ് വൈദികനെ കാണാതായത്. രാവിലെ പള്ളിയിലെ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുത്ത വൈദികനെ പിന്നീട് ആരും കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളി മുറ്റത്തെ കിണറ്റിൽ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാകാനുള്ള സാധ്യതയുണ്ടെനാണ് പൊലീസ് പറയുന്നത്. വൈദികന്‍റെ മൊബൈൽ ഫോൺ മുറിയിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു. കോമ്പൗണ്ടിലെ സിസിടിവി ക്യാമറകൾ സംഭവത്തിനു മുമ്പ് ഓഫ് ആയി. പള്ളി കോമ്പൗണ്ടിൽ ഉണ്ടായ തീപിടിത്തത്തിൽ വൈദികൻ മനോവിഷമത്തിലായിരുന്നെന്ന് ചങ്ങനാശ്ശേരി അതിരൂപത പ്രതികരിച്ചു.

ഫെബ്രുവരിയിൽ ചുമതലയേറ്റ ഫാ.ജോർജ്‌ സ്ഥലം മാറ്റം ആവശ്യപ്പെട്ട് രൂപതയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ബിഷപ്പുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നതിനിടെയാണ് വൈദികന്‍റെ മരണം. വിശ്വാസികൾ തമ്മിലുള്ള തർക്കവും രൂപതയുടെ സമ്മർദ്ദവും മാനസിക വിഷമം ഉണ്ടായിരുന്നു എന്ന് വിശ്വാസികൾ ആരോപിച്ചു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അയർക്കുന്നം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.