LiveTV

Live

Kerala

സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി കോവിഡ് രോഗബാധിതരുടെ എണ്ണം; ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും കൂടുന്നു

ഒരാഴ്ചക്കിടെ തലസ്ഥാന ജില്ലയിൽ ഉറവിടമറിയാതെ കോവിഡ് ബാധിച്ചത് 7 പേർക്കാണ്.

സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി കോവിഡ് രോഗബാധിതരുടെ എണ്ണം; ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും കൂടുന്നു

ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാരുടെ യോഗം വിളിക്കാൻ തീരുമാനം. കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗവും ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗവും ചേരും. അതിനിടെ സമ്പർക്കത്തിലൂടെ ഒരാൾക്ക് കൂടി ജില്ലയിൽ കോവിഡ് പിടിപെട്ടു. നേരത്തെ രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകൾക്കാണ് രോഗം ബാധിച്ചത്.

ഒരാഴ്ചക്കിടെ തലസ്ഥാന ജില്ലയിൽ ഉറവിട മറിയാതെ കോവിഡ് ബാധിച്ചത് 7 പേർക്കാണ്. അതിനാൽ തന്നെ വരുംദിവസങ്ങളിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൊതുജനം മറന്ന മട്ടാണ്.

ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് കർശന നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തീരദേശ മേഖലയിലെ സ്ക്രീനിംഗ് ശക്തമാക്കും. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി സ്വകാര്യ ആശുപത്രികളെയും പ്രയോജനപ്പെടുത്തും. കോവിസ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസിനും നിർദ്ദേശം നൽകി.

നഗരത്തിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മണക്കാട്, ഐരാണി മുട്ടം, കാലടി, ആറ്റുകാൽ എന്നീ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ പോലീസ് ബാരിക്കേഡ് വച്ചടച്ചു. ഓട്ടോ-ടാക്സി യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ ഡ്രൈവർമാർ ട്രിപ്പ് ഷീറ്റ് തയ്യാറാക്കണമെന്ന് കമ്മീഷണർ അറിയിച്ചു. അതിനിടെ മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകൾക്കും രോഗബാധയുണ്ടായി. ജില്ലയിൽ പുതുതായി 10 78 പേരെ കൂടെ നിരീക്ഷണത്തിലാക്കി.