LiveTV

Live

Kerala

ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷനുമായി അടുത്ത ബന്ധം

കേന്ദ്രമന്ത്രിയുടെ ഓഫീസും തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയെന്നും പൊതു പ്രവര്‍ത്തകന്‍ എന്‍.ഐ.എക്ക് നല്‍കിയ പരാതിയില്‍ പറയുന്നു

ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷനുമായി അടുത്ത ബന്ധം

പ്രതിരോധഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയിലെ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അരുണ്‍ രവീന്ദ്രന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍റെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകനെന്ന് പരാതി. മുന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യനുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. കേന്ദ്രമന്ത്രിയുടെ ഓഫീസും തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയെന്നും പൊതു പ്രവര്‍ത്തകന്‍ എന്‍.ഐ.എക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഡി.ആര്‍.ഡി.ഒയിലെ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അരുണ്‍ പി രവീന്ദ്രന്‍ ചാര പ്രവര്‍ത്തനം നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി. റോ ഓഫീസടക്കം പ്രവര്‍ത്തിക്കുന്ന സിജിഒ കോപ്ലക്സിലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍റെ ഓഫീസില്‍ നിരന്തര സന്ദര്‍ശനം നടത്തിയരുന്ന പ്രതി മുന്‍ ഉപാധ്യക്ഷനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കേന്ദ്രമന്ത്രിയുടെ ഭാര്യയുടെ എന്‍ജിഒയുടെ ഭാഗമായി അരുണ്‍ പ്രവര്‍ത്തിച്ചു. മന്ത്രിയുടെ ഓഫീസ് അരുണ്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും പ്രധാനമന്ത്രിക്കും എന്‍.ഐ.എക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

അരുണ്‍ പി. രവീന്ദ്രന്‍ അടുത്തിടെ നടത്തിയ ഇസ്രേയില്‍ സന്ദര്‍ശനവും അന്വേഷിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കേസിന്‍റെ തുടക്കത്തില്‍ ഐബിയും മിലിട്ടറി ഇന്‍റലിജന്‍സും പ്രതി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. അതിനിടെ തട്ടിപ്പ് കേസ് മാത്രമായി രജിസ്റ്റര്‍ ചെയ്ത നടപടി ശരിയാണോയെന്ന കാര്യം സംസ്ഥാന പൊലീസ് പരിശോധിക്കുന്നുണ്ട്