LiveTV

Live

Kerala

കൊടുങ്ങല്ലൂര്‍ താലൂക്കിന്‍റെ തീരദേശത്ത് കടലാക്രമണം രൂക്ഷം; നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു

എറിയാട്, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷമായത്

കൊടുങ്ങല്ലൂര്‍ താലൂക്കിന്‍റെ തീരദേശത്ത് കടലാക്രമണം
രൂക്ഷം; നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു

തൃശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്കിന്‍റെ തീരദേശത്ത് കടലാക്രമണം രൂക്ഷമാകുന്നു. എറിയാട്, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷമായത്. ഒരു വീട് തകർന്നു.നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു. കടൽക്ഷോഭം രൂക്ഷമായാൽ തീരദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ ഷക്കീർ അറിയിച്ചു.

എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണം ശക്തമായത്. നൂറ് കണക്കിന് വീടുകൾ കടൽക്ഷോഭ ഭീഷണിയിലാണ്. ഒട്ടനവധി കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് താമസം മാറി. എറിയാട് അഴീക്കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് കടൽക്ഷോഭത്തിൽ വീട് തകർന്നു. മണപ്പറമ്പിൽ ഷംസുദ്ദീന്‍റെ വീടാണ് ഭാഗികമായി തകർന്നത്. വീടിന്‍റെ അടുക്കളയുൾപ്പടെയുള്ള ഭാഗം തകർന്നുവീണു. ഈ പ്രദേശത്ത് മാത്രമായി പത്തിലധികം വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.

മതിലകം പഞ്ചായത്തിൽ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പൊക്ലായി ബീച്ച് വില്യാർവട്ടത്ത് ഷൺമുഖൻ, നടുമുറി അജേഷ് എന്നിവരുടെ കുടുംബങ്ങളെയാണ് എമ്മാട് സ്‌ക്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. രണ്ട് കുടുംബങ്ങളിലായി ആറ് പേരാണ് ക്യാമ്പിലുള്ളത്. മതിലകം പഞ്ചായത്തിൽ ആരംഭിച്ച ക്യാമ്പുകൾ എം.എല്‍.എ ഇ.ടി. ടൈസൺ മാസ്റ്റർ സന്ദർശിച്ചു