LiveTV

Live

Kerala

റാണി എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? മാധ്യമങ്ങള്‍ വളച്ചൊടിച്ചു: മുല്ലപ്പള്ളി

രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

റാണി എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? മാധ്യമങ്ങള്‍ വളച്ചൊടിച്ചു: മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമര്‍ശം വിവാദമായതോടെ മാധ്യമങ്ങളെ പഴിചാരി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. നിപ പ്രതിരോധത്തിന്റെ ക്രെഡിറ്റ് ആരോഗ്യമന്ത്രിക്കല്ലെന്നാണ് പറഞ്ഞത്. ഗാര്‍ഡിയന്‍ റോക് സ്റ്റാര്‍ എന്നെഴുതി. താന്‍ റാണി എന്നു പറഞ്ഞതില്‍ എന്താണ് തെറ്റെന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം.

രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റ്? പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. സാധാരണ പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. നിപ സമയത്ത് ആരോഗ്യമന്ത്രി ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നു. വിമര്‍ശനത്തെ ഉള്‍ക്കൊള്ളും. ആരും തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ആവകാശപ്പെട്ടു.

'ആശ്വസിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ എന്‍റെ മണ്ഡലത്തിന്‍റെ എംപിയായിരുന്ന മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല, ഗസ്റ്റ്‌ റോളിൽ പോലും': സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്
Also Read

'ആശ്വസിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ എന്‍റെ മണ്ഡലത്തിന്‍റെ എംപിയായിരുന്ന മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല, ഗസ്റ്റ്‌ റോളിൽ പോലും': സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

നിപ പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് ആരോഗ്യ മന്ത്രിക്കല്ലെന്നാണ് താന്‍ പറയാന്‍ ശ്രമിച്ചത്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും എല്ലാമാണ് ക്രെഡിറ്റ്. അന്നത്തെ വടകരയിലെ എംപി എന്ന നിലയില്‍ നിപ പിടിപെട്ടപ്പോള്‍ തന്നെ ജനപ്രതിനിധികളുടെ യോഗത്തില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സാധാരണ കലക്ടര്‍മാര്‍ വിളിക്കുന്ന യോഗത്തില്‍ താന്‍ പോവാറില്ല. തന്‍റെ നിലപാടാണത്. പ്രോട്ടോകോളില്‍ മുന്നില്‍നില്‍ക്കുന്നത് എംപിമാരാണ്. നിപ സമയത്ത് എല്ലായിടത്തും ഓടിയെത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുല്ലപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്. നിപ കാലത്ത് നിപ രാജകുമാരിയെന്ന് പേരെടുക്കാന്‍ ശ്രമിച്ച ആരോഗ്യമന്ത്രി ഇപ്പോൾ കോവിഡ് റാണി ആകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. നിപ കാലത്ത് കോഴിക്കോട്ട് ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി വന്നു പോയത്. മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും മുല്ലപ്പള്ളി ആരോപിക്കുകയുണ്ടായി.

ആരോഗ്യ മന്ത്രിക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യക്തിപരമായ പരാമര്‍ശം ശരിയായില്ലെന്നും പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കേണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കിയില്‍ ധാരണയായി. ജനാധിപത്യാ മഹിള അസോസിയേഷൻ മുല്ലപ്പള്ളിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് ലിനി മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാനെത്തിയവരുടെ കൂട്ടത്തില്‍ തന്‍റെ മണ്ഡലമായ വടകരയുടെ അന്നത്തെ എംപി മുല്ലപ്പള്ളി രാമചന്ദ്രനുണ്ടായിരുന്നില്ലെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പറഞ്ഞു. നേരിട്ടോ ടെലിഫോൺ വഴിയോ ഒരു ആശ്വാസവാക്ക്‌ അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ലെന്നും സജീഷ് ഫേസ് ബുക്കില്‍ കുറിച്ചു.