LiveTV

Live

Kerala

മുന്‍ സര്‍ക്കാരിന്‍റെ നിയമനം; ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിന് എതിരെ യുവതി

ടാപ്പിംഗ് തൊഴിലാളിയായിരുന്ന പിതാവ് അപകടത്തിൽപ്പെട്ട് കിടപ്പിലായതിനെ തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജന സമ്പർക്ക പരിപാടിയിലാണ് സോഫിയക്ക് ജോലി ലഭിച്ചത്.

മുന്‍ സര്‍ക്കാരിന്‍റെ നിയമനം; ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിന് എതിരെ  യുവതി

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജനസമ്പർക്ക പരിപാടിയിലൂടെ വാഗ്ദാനം ചെയ്ത ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനെതിരെ യുവതി രംഗത്ത്. തൃശൂർ മെഡിക്കൽ കോളജിലെ അനസ്തീഷ്യ ടെക്നീഷ്യനായ എളനാട് സ്വദേശി എൻ. എസ് സോഫിയയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ ട്രൈബ്യൂണല്‍ പിരിച്ച് വിടല്‍ തടഞ്ഞിട്ടുണ്ട്. ജോലിയില്‍ സ്ഥിരപ്പെടുത്താതെ പിരിച്ചു വിടാനും പ്രസവാവധി പോലും അനുവദിക്കാതെ പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരായ യുവതിയുടെ ഹരജികളില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെതടക്കം വിശദീകരണവും തേടിയിരുന്നു.

അച്ഛനും അമ്മയും രണ്ട് സഹോദരിയുമടങ്ങുന്ന കുടുംബത്തിന് വരുമാന മാർഗമാണ് സോഫിയയുടെ ജോലി. ടാപ്പിംഗ് തൊഴിലാളിയായിരുന്ന പിതാവ് അപകടത്തിൽപ്പെട്ട് കിടപ്പിലായതിനെ തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജന സമ്പർക്ക പരിപാടിയിലാണ് സോഫിയക്ക് ജോലി ലഭിച്ചത്. 170 ദിവസത്തേക്ക് ആദ്യം നൽകിയ ജോലി പിന്നീട് നീട്ടി നല്‍കി. ജോലിയില്‍ സ്ഥിരപെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി തള്ളിയതായി മെഡിക്കൽ കോളേജ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചിരുന്നു. സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ ജോലിക്ക് കയറിയ പലരെയും സ്ഥിരപ്പെടുത്തിയിട്ടും തന്‍റെ കാര്യത്തിൽ സർക്കാർ അനീതി കാട്ടുകയാണന്നാണ് ഈ നിര്‍ധന യുവതിയുടെ പരാതി.

താന്‍ നല്‍കിയ അപേക്ഷ തന്നെ കേൾക്കാതെ തള്ളിയതായും ഇപ്പോൾ പൂർണ ഗർഭിണിയാണെന്നും യുവതി പറഞ്ഞു. എന്നാൽ താൽക്കാലിക ജോലിയായി കണക്കാക്കുന്നതിനാല്‍ പ്രസവാവധിക്ക് അർഹതയില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ നിലപാട്. ഇത് മൂലം ആരോഗ്യ സ്ഥിതി മോശമായിട്ടും ജോലിയിൽ തുടരുകയാണ്. അവധിയെടുത്താൽ ജോലിയിൽ നിന്ന് നീക്കം ചെയ്യുമെന്നാണ് പരോക്ഷമായി അറിയിച്ചിട്ടുള്ളത്.

അതെ സമയം പ്രസവാവധി നൽകാത്ത അഡ്മിനിസ്ട്രേറ്ററുടെ നടപടി സുപ്രീം കോടതി ഉത്തരവിന്‍റെ നഗ്നമായ ലംഘനമാണ്. മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകിയിട്ടും വിഷയത്തില്‍ നടപടിയായിട്ടില്ല. ഈ സാഹചര്യത്തിൽ റഗുലറൈസേഷൻ അപേക്ഷ തള്ളിയ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കുകയും റഗുലറൈസ് ചെയ്യാൻ ഉത്തരവിടുകയും വേണമെന്നാണ് സോഫിയ ആവശ്യപെട്ടത്. തുടര്‍ന്ന് യുവതി പ്രസവാവധി കഴിഞ്ഞ് തിരികെയെത്തുമ്പോൾ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഫിയയുടെ പരാതികള്‍ പിന്നീട് കെ.എ.ടി പരിഗണിക്കും.