LiveTV

Live

Kerala

പ്രവാസികളെ സര്‍ക്കാര്‍ അവഹേളിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി; അനിശ്ചിതകാല ഉപവാസമിരിക്കുമെന്ന് കെ മുരളീധരന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി.

പ്രവാസികളെ സര്‍ക്കാര്‍ അവഹേളിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി; അനിശ്ചിതകാല ഉപവാസമിരിക്കുമെന്ന് കെ മുരളീധരന്‍

പ്രവാസികളെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി. വിവിധ യുഡിഎഫ് നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്.

പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ അനിശ്ചിതകാല ഉപവാസമിരിക്കുമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല ഉപവാസമിരിക്കുമെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. മോദിക്കും പിണറായിക്കും പ്രവാസികൾ നാട്ടിലേക്ക് വരുന്നതിൽ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളിക്കുള്ള പരിഗണന പ്രവാസിക്ക് കൊടുക്കേണ്ട എന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചു. ഇതര സംസ്ഥാനത്തുള്ള ആളുകൾക്ക് കൊടുക്കുന്ന പരിഗണന പോലും പ്രവാസി മലയാളികൾക്ക് കൊടുക്കുന്നില്ല. ഇത് അങ്ങേയറ്റത്തെ അവഹേളനമാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

പ്രവാസികളുടെ കാര്യത്തിലെ സർക്കാർ നിലപാട് ഞെട്ടിക്കുന്നതെന്ന് എംകെ മുനീര്‍ പ്രതികരിച്ചു. പല തരത്തിലും പ്രവാസികളെ സർക്കാർ ദ്രോഹിക്കുന്നു. രോഗവ്യാപനം നടത്തുന്നവരാണ് പ്രവാസികളെന്നാണ് സർക്കാർ പറയുന്നത്. കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉത്തരവ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും മുനീര്‍ പറഞ്ഞു.

പ്രവാസികളോടുള്ള നയം സർക്കാർ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രവാസികൾക്ക് പ്രശ്നം വന്നപ്പോൾ സംസ്ഥാന സർക്കാർ അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടി അടക്കുന്നു. പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കണം. പ്രവാസികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.