LiveTV

Live

Kerala

കോവിഡ് ബാധിതര്‍ക്ക് വരാം, നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി

രോഗികളെ കൊണ്ട് വരാനുള്ള സൌകര്യം ഒരുക്കാമെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും പ്രത്യേക വിമാനത്തില്‍ വരുകയാണെങ്കില്‍ അവരേയും സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി

കോവിഡ് ബാധിതര്‍ക്ക് വരാം, നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റും രോഗികള്‍ക്ക് പ്രത്യേക വിമാനവും നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിന്‍റെ ചുമലിലാക്കി. ഗള്‍ഫില്‍ നിന്ന് രോഗികളെ കൊണ്ടുവരാന്‍ കേരളം സൌകര്യം ഒരുക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവരുടെ പരിശോധന കേന്ദ്ര സര്‍ക്കാര്‍ നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

പ്രവാസികളുടെ യാത്രാ മാനദണ്ഡം നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ അവകാശം ഉപയോഗിച്ചാണ് കോവിഡ് ടെസ്റ്റും പ്രത്യേക വിമാനവും കേരളം നിര്‍ബന്ധമാക്കിയത്. ഇത് വിവാദമായതോടെ കോവിഡ് ടെസ്റ്റിനുള്ള കിറ്റ് നല്‍കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ വിദേശത്ത് ടെസ്റ്റ് നടത്താന്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെ കാര്യം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി കയ്യൊഴിഞ്ഞു.

കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് യാത്രാ അനുമതി ലഭിക്കില്ല. അവര്‍ക്ക് വേണ്ടി പ്രത്യേക വിമാനം ഏര്‍പെടുത്തുന്നതും അപ്രായോഗികമാണ്. കേരളം സൌകര്യം ഒരുക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ മുഖ്യമന്ത്രി അവരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന നിലപാടിലാണ്. പ്രവാസി മടക്കയാത്രാ പ്രശ്നം പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സംസ്ഥാന സര്‍ക്കാറില്‍നിന്ന് ഉടന്‍ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടികള്‍ സൂചിപ്പിക്കുന്നത്.