LiveTV

Live

Kerala

'കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജീവന് വിലയില്ലേ?'; സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ചിത്രങ്ങള്‍

ആംബുലന്‍സ് ജീവനക്കാര്‍ പി.പി.ഇ കിറ്റ് അടക്കമുള്ള എല്ലാ വിധ സജ്ജീകരണങ്ങളോടെയും യാത്രക്കാരെ സ്വീകരിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കേവലം മാസ്കും ഗ്ലൗസും കൊണ്ടും മാത്രമാണ് വലിയ ദുരം സഞ്ചരിക്കുന്നത്.

'കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജീവന് വിലയില്ലേ?';  സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ചിത്രങ്ങള്‍

കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുമെന്ന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിര്‍ദ്ദേശം നടപ്പിലായില്ല. പി.പി.ഇ കിറ്റുകള്‍ അടക്കമുള്ളവ നിര്‍ബന്ധമാണെന്ന ഡ്രൈവര്‍മാര്‍ അടക്കമുള്ളവരുടെ ആവശ്യം നിലനില്‍ക്കെയാണ് യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ യാത്ര തിരിക്കുന്നത്.

വിദേശത്ത് നിന്നും 40 ഓളം യാത്രക്കാരുമായി വന്ന ആലപ്പുഴ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഒരു വിധ മുന്‍കരുതലുകളുമില്ലാതെയാണ് വളയം തിരിക്കുന്നത്. ഇത്തരത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെയും യാത്രക്കാരെ കൊണ്ടുവരുന്നതിന് ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറുടെയും ദൃശ്യങ്ങള്‍ സുരക്ഷാ വീഴ്ച്ച ബോധ്യപ്പെടുത്തുന്നതാണ്. ആംബുലന്‍സ് ജീവനക്കാര്‍ പി.പി.ഇ കിറ്റ് അടക്കമുള്ള എല്ലാ വിധ സജ്ജീകരണങ്ങളോടെയും യാത്രക്കാരെ സ്വീകരിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കേവലം മാസ്കും ഗ്ലൗസും കൊണ്ടും മാത്രമാണ് വലിയ ദുരം സഞ്ചരിക്കുന്നത്.

ബസുകളില്‍ ഡ്രൈവര്‍മാരെ വേര്‍തിരിച്ച് പ്രത്യേക കാബിന്‍ സംവിധാനം, യാത്രക്കാരില്‍ നിന്നും സുരക്ഷാ അകലം പാലിക്കാന്‍ മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കെയാണ് വളരെ കുറഞ്ഞ സുരക്ഷാ മുന്‍കരുതലുകളോടെ ഡ്രൈവര്‍മാര്‍ യാത്രക്കാരെ എത്തിക്കുന്നത്. ജീവനക്കാര്‍ക്ക് പി.പി.ഇ കിറ്റുകള്‍ അടക്കമുള്ളവ നിര്‍ബന്ധമായും നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സംഘടനയില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഈ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. അതെ സമയം യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ക്വാറന്‍റൈനില്‍ പോകണമെന്നതിനാല്‍ ഡ്രൈവര്‍മാരും ആശങ്കയിലാണ്.

ഈയടുത്ത ദിവസം കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.