LiveTV

Live

Kerala

പ്രവാസികളെ കൊണ്ടുവരല്‍: ബി.ജെ.പി നേതാക്കളോട് സഹായം തേടിയതിന് വിശദീകരണവുമായി കെ.ടി ജലീല്‍

ഞാനാണെങ്കില്‍ ശ്രീധരന്‍ പിള്ളയെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിനെയുമൊക്കെയാണ് വിളിക്കുന്നത്. ശ്രീധരന്‍ പിള്ള രണ്ട് ഗര്‍ഭിണികളുടെ കാര്യം ചെയ്തു. അല്‍ഫോണ്‍സ് ഒന്ന് ശരിയാക്കി

പ്രവാസികളെ കൊണ്ടുവരല്‍: 
ബി.ജെ.പി നേതാക്കളോട് സഹായം തേടിയതിന്  വിശദീകരണവുമായി കെ.ടി ജലീല്‍

മടക്ക യാത്ര പ്രതിസന്ധിയിലായ പരിചയക്കാരായ പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ബി.ജെ.പി നേതാക്കളുടെ സഹായം തേടിയെന്ന വിമര്‍ശനത്തിന് വിശദീകരണവുമായ മന്ത്രി കെ.ടി ജലീല്‍.

പ്രവാസികളെ കൊണ്ടുവരാന്‍ മുസ്‍ലിം ലീഗ് സംഘടനയായ കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കച്ചവടമാണെന്ന് പ്രചരിപ്പിക്കണം എന്നും പരിചയക്കാരെ കൊണ്ടുവരാന്‍ ബി.ജെ.പി നേതാക്കളുടെ സഹായമാണ് താന്‍ തേടുന്നത് എന്നും പറയുന്ന കെ.ടി ജലീലിന്റെ ഓഡിയോ ക്ലിപ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വ്യാപക ചര്‍ച്ചയായതോടെയാണ് മന്ത്രി സ്വന്തം ഫേസ്ബുക്ക് പേജില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

'ഒരു ട്രാവല്‍സുമായി ചേര്‍ന്ന് പണം വാങ്ങിയാണ് കെ.എം.സി.സി വിമാനം ചാര്‍ട്ട് ചെയ്യുന്നത്. കെ.എം.സി.സിക്ക് ലറ്റര്‍പാഡിന്റെ ചിലവ് മാത്രം.

ക്വാറന്റൈന് വേണ്ടി ഹോട്ടലുകാരുമായി ടൈ അപ് ആണ്.

അവരിതിനെ ലാഭംകൊയ്യാനുള്ള ഉപാധിയാക്കി മാറ്റുകയാണ്....... ഞാനാണെങ്കില്‍ ശ്രീധരന്‍ പിള്ളയെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിനെയുമൊക്കെയാണ് വിളിക്കുന്നത്. ശ്രീധരന്‍ പിള്ള രണ്ട് ഗര്‍ഭിണികളുടെ കാര്യം ചെയ്തു. അല്‍ഫോണ്‍സ് ഒന്ന് ശരിയാക്കി. രണ്ടെണ്ണം കൂടി ഞാന്‍ കൊടുത്തിട്ടുണ്ട്...' ഇങ്ങിനെയൊക്കെയാണ് ജലീലിന്റെ ഓഡിയോ ക്ലിപ്പിലുള്ളത്.

പി.എസ് ശ്രീധരന്‍ പിള്ള
പി.എസ് ശ്രീധരന്‍ പിള്ള

"എൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു വോയ്സ് ക്ലിപ്പ് എൻ്റേതു തന്നെയാണ്. അത് ആരോടെങ്കിലും ഫോണിൽ സംസാരിച്ചതല്ല. ആവശ്യമെങ്കിൽ പരസ്യപ്പെടുത്താനായിത്തന്നെ അയച്ചു കൊടുത്ത വോയ്സ് മെസ്സേജാണ്....." എന്ന ആമുഖത്തോടെയാണ് മന്ത്രിയുടെ മറുപടി തുടങ്ങുന്നത്. "പ്രവാസികളെ സഹായിക്കാൻ ഉയർന്ന ഭരണ പദവിയിലിരിക്കുന്നവരുമായി ബന്ധപ്പെട്ടത് ഒരിക്കലും ഒരു കുറച്ചിലായി ഞാൻ കാണുന്നില്ല. സഹായം തേടുന്നവരുടെ പാർട്ടിയോ നിറമോ ജാതിയോ മതമോ ഒന്നും ഞാൻ ഇന്നുവരെയും നോക്കിയിട്ടില്ല. മേലിലും നോക്കില്ല. ജനങ്ങളെ സഹായിക്കാൻ ആരുടെ സഹായവും തേടും. അതെൻ്റെ കഴിവുകേടായാണ് ആർക്കെങ്കിലും തോന്നുന്നതെങ്കിൽ നൂറുവട്ടം കഴിവുകെട്ടവനാകാൻ എനിക്ക് യാതൊരു മടിയുമില്ല." - പോസ്റ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി നേതാക്കള്‍ വഴി താന്‍ സഹായം ലഭ്യമാക്കിയവരിലൊരാള്‍ മുസ്‍ലിംലീഗ് പ്രവര്‍ത്തകന്‍ തന്നെയാണെന്നും മന്ത്രി കെ.ടി ജലീല്‍ പറയുന്നു: "അങ്ങിനെ സഹായമഭ്യർത്ഥിച്ച് നാട്ടിലെത്തിച്ച കേസുകളിൽ ഒന്ന്, ദുബായിലെ സജീവ കെ.എം.സി.സി പ്രവർത്തകനും സോഷ്യൽ മീഡിയയിൽ എൻ്റെ നിശിത വിമർശകനുമായ വ്യക്തിയുടെ ഗർഭിണിയായ ഭാര്യയായിരുന്നു. അവർ നാട്ടിലെത്തുകയും പ്രസവിക്കുകയും ചെയ്തു."

അൽഫോൻസ് കണ്ണന്താനം
അൽഫോൻസ് കണ്ണന്താനം

വോയ്സ് മെസേജ് ആവശ്യമെങ്കില്‍ പരസ്യപ്പെടുത്താന്‍ വേണ്ടി അയച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും ആര്‍ക്ക് അയച്ചതാണെന്ന് മന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നില്ല. ഖത്തറിലെ ഒരു പ്രവാസിയെ ഫോണില്‍ വിളിച്ച് കാന്തപുരം വിഭാഗം വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് കെ.ടി ജലീല്‍ ആവശ്യപ്പെടുന്ന ക്ലിപ് നേരത്തെ പുറത്തുവന്നിരുന്നു. ഇതും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചക്കും വിമര്‍ശനത്തിനും വഴിവച്ചിരുന്നു. സംസ്ഥാന സര്‍ക്കാറില്‍ അംഗമായ ഒരുമന്ത്രി സഹായത്തിനായി മത സംഘടനകളെയും ബിജെപി നേതാക്കളെയുമൊക്കെ സമീപിക്കുന്നത് പ്രവാസി വിഷയത്തില്‍ കേരള സര്‍ക്കാര്‍ പരജായമാണെന്നതിന്റെ തെളിവാണെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.