LiveTV

Live

Kerala

കണ്ണൂരിൽ വീണ്ടും ഉറവിടം തിരിച്ചറിയാത്ത കോവിഡ് ബാധ

രോഗം ബാധിച്ച് പരിയാരത്ത് ചികിത്സയിലുള്ള എക്സൈസ് ഉദ്യോഗസ്ഥന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

കണ്ണൂരിൽ വീണ്ടും ഉറവിടം തിരിച്ചറിയാത്ത കോവിഡ് ബാധ

കണ്ണൂരിൽ വീണ്ടും ഉറവിടം തിരിച്ചറിയാത്ത കോവിഡ് ബാധ. കോർപ്പറേഷൻ പരിധിയിലെ താമസക്കാരനായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ നഗരം ഭാഗികമായി അടച്ചിടാൻ ജില്ലാ കലക്ടറുടെ ഉത്തരവിട്ടു. രോഗം ബാധിച്ച് പരിയാരത്ത് ചികിത്സയിലുള്ള എക്സൈസ് ഉദ്യോഗസ്ഥന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.

കണ്ണൂർ നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന പതിനാലുകാരനാണ് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഇയാൾ നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതെ തുടർന്ന് കണ്ണൂർ നഗരം ഭാഗികമായി അടയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. കണ്ണൂർ കോർപ്പറേഷനിലെ 51,52,53 ഡിവിഷനുകളായ കാനത്തൂർ, പയ്യാമ്പലം, താളിക്കാവ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും

അടച്ചിടും. ഗതാഗത നിയന്ത്രണവും ഉണ്ടാകും. പതിനാലുകാരനടക്കം നാല് പേർക്കാണ് ജില്ലയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയവരാണ് രണ്ട് പേര്‍. മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ 320 പേർക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. രോഗമുക്തരായവരുടെ എണ്ണം 200 ആയി. ഇതിനിടെ രോഗം ബാധിച്ച് പരിയാരത്ത് ചികിത്സയിലുള്ള എക്സൈസ് ഉദ്യോഗസ്ഥന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഇരു ശ്വാസകോശങ്ങളുടെയും പ്രവർത്തനം നിലച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.