LiveTV

Live

Kerala

വയനാട്ടില്‍ യുവാവിനെ വന്യജീവി കടിച്ചു കൊന്നു

പുല്‍പ്പള്ളിയിലെ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്ന ശിവകുമാറെന്ന 24 കാരനെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കാണാതായത്

വയനാട്ടില്‍ യുവാവിനെ വന്യജീവി കടിച്ചു കൊന്നു

വയനാട് പുല്‍പ്പള്ളിയില്‍ വനത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടി. ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാറിനെയാണ് പുല്‍പ്പള്ളി കാര്യം പാതിക്കടുത്തുള്ള വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുവ ആക്രമിച്ച് കൊലപെടുത്തിയതാണെന്നാണ് സൂചന.

പുല്‍പ്പള്ളിയിലെ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്ന ശിവകുമാറെന്ന 24 കാരനെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കാണാതായത്. വനത്തില്‍ നിന്ന് മുളങ്കൂമ്പുകള്‍ ശേഖരിക്കാന്‍ പോയ ഇദ്ധേഹത്തെ വന്യജീവി ആക്രമിക്കുകയായിരുന്നു.

നാട്ടുകാരും വനം വകുപ്പുദ്യോഗസ്ഥരും നടത്തിയ തിരച്ചിലിനൊടുവിലാണ് കാട്ടില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. കാട്ടിനകത്ത് വെച്ച് തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ട് നല്‍കി.

കടുവയുടെ കാൽപ്പാടുകളും ആക്രമിക്കപ്പെട്ട രീതിയും പരിശോധിച്ചാണ്‌ വനം വകുപ്പുദ്യോഗസ്ഥര്‍ ആക്രമിച്ചത്‌ കടുവയാണെന്ന നിഗമനത്തിലെത്തിയത്. ഇക്കാര്യം ഉറപ്പുവരുത്താനായി പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂട് സ്ഥാപിച്ച് നാട്ടുകാരുടെ ആശങ്കയകറ്റുമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.

മരിച്ച ശിവകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം ഉറപ്പു വരുത്തിയതായും കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കുമെന്നും സ്ഥലം എം.എല്‍.എ , ഐ.സി ബാലകൃഷ്ണന്‍ അറിയിച്ചു. എം.എല്‍.എ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

94 കുടുംബങ്ങള്‍ താമസിക്കുന്ന ബസവന്‍കൊല്ലി കോളനിയോട് ചേര്‍ന്ന വനമേഖലയില്‍ പലപ്പോഴും കടുവകളെ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.