LiveTV

Live

Kerala

ലീഗ് എറണാകുളം ജില്ലാ കമ്മറ്റിയിലെ തമ്മിലടി: രണ്ടംഗ സമിതി അന്വേഷിക്കും

വി കെ ഇബ്രാഹിംകുഞ്ഞ് അഴിമതി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനായി മറ്റ് നേതാക്കള്‍ക്കെതിരെ വ്യാജ രേഖ ചമച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങളും സമിതി പരിശോധിക്കും.

ലീഗ് എറണാകുളം ജില്ലാ കമ്മറ്റിയിലെ തമ്മിലടി: രണ്ടംഗ സമിതി അന്വേഷിക്കും

മുസ്‍ലിം ലീഗ് എറണാകുളം ജില്ലാകമ്മറ്റിയിലെ പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അഴിമതി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനായി മറ്റ് നേതാക്കള്‍ക്കെതിരെ വ്യാജ രേഖ ചമച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങളും സമിതി പരിശോധിക്കും. ഹൈദരലി തങ്ങള്‍ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് മീഡിയവണിന്.

മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലെ പോര് എറണാകുളം ജില്ലാകമ്മറ്റിയില്‍ ഏറെ കാലമായി തുടരുന്നു. ഇത് എല്ലാ സീമകളും ലംഘിക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. തുടര്‍ന്നാണ് അന്വേഷണത്തിനായി എം.കെ മുനീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരെ ചുമതലപ്പെടുത്തിയത്.

ഇതിനിടയില്‍ ചന്ദ്രികയുടെ അക്കൌണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്ന പരാതിക്ക് പിന്നില്‍ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് വരുത്തി തീര്‍ക്കാന്‍ വ്യാജ രേഖ ചമച്ചുവെന്ന പരാതിയും ഒരു വിഭാഗം നേതാക്കള്‍ ഹൈദരലി തങ്ങള്‍ക്ക് നല്‍കി. അഴിമതി ആരോപണം ഉന്നയിച്ച പരാതിക്കാരനെ ഇബ്രാംഹിംകുഞ്ഞും മകന്‍ അബ്ദുല്‍ ഗഫൂറും നേരില്‍ കണ്ട് സ്വാധീനിക്കാന്‍ ശ്രമിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയടക്കം അഞ്ച് നേതാക്കളെ അപകീര്‍ത്തിപെടുത്താനാണ് വ്യാജ രേഖ ചമച്ചതെന്നും പരാതിയില്‍ പറയുന്നു. ഇത് കൂടി പരിഗണിച്ചാണ് അടിയന്തരമായി അന്വേഷണം നടത്താനുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.