LiveTV

Live

Kerala

കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറെ രോഗലക്ഷണം കാണിച്ചിട്ടും സ്രവ സാമ്പിള്‍ ശേഖരിച്ച് വീട്ടിലേക്ക് അയച്ചതായി ആക്ഷേപം

മൂന്ന് ദിവസം കഴിഞ്ഞ് റിസല്‍ട്ട് വന്നപ്പോഴാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്

കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറെ രോഗലക്ഷണം കാണിച്ചിട്ടും സ്രവ സാമ്പിള്‍ ശേഖരിച്ച് വീട്ടിലേക്ക് അയച്ചതായി ആക്ഷേപം

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറെ രോഗലക്ഷണം കാണിച്ചിട്ടും സ്രവ സാമ്പിള്‍ ശേഖരിച്ച് വീട്ടിലേക്ക് അയച്ചതായി ആക്ഷേപം. മൂന്ന് ദിവസം കഴിഞ്ഞ് റിസല്‍ട്ട് വന്നപ്പോഴാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.ഇതോടെ ഫറോഖ് സ്വദേശിയായ ഇദ്ദേഹത്തിന്‍റെ വീട്ടിലെ മുഴുവന്‍ ആളുകളേയും നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ മാസം 30നാണ് ലോറി ഡ്രൈവറായ ഫറോക് സ്വദേശി ഒഡിഷയില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍‌ പോകാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്തുളള ചെനക്കലങ്ങാടിയിലെ ഒരു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പതിനൊന്നിന് രോഗലക്ഷണം കാണിച്ചതോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് 12ന് സ്രവ സാമ്പിള്‍ പരിശോധനക്കയച്ചു. എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറിയതോടെ നിരീക്ഷണ കാലാവധി അവസാനിച്ച പതിനാലാം തിയതി ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ മലപ്പുറം ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ അനുമതി നല്‍കി. തുടര്‍ന്ന് 15ന് രാത്രിക്കാണ് പരിശോധന ഫലം വന്നത്.

ഫലം പോസറ്റീവായതോടെ ഇദ്ദേഹത്തെ കോഴിക്കോട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റി. കോവിഡ് ലക്ഷണം കാണിച്ചിട്ടും പരിശോധനാ ഫലം വരുന്നതിനു മുമ്പേ ഇദ്ദേഹത്തെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചത് വീഴ്ചയാണെന്നാണ് ആക്ഷേപം. എന്നാല്‍ രോഗലക്ഷണം പൂര്‍ണമായും മാറിയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇദ്ദേഹവുമായി കൂടുതല്‍ ആളുകള്‍ക്ക് സമ്പര്‍ക്കമുണ്ടായിട്ടുണ്ടോയെന്ന കാര്യവും ആരോഗ്യവകുപ്പ് അന്വേഷിക്കുന്നുണ്ട്.