LiveTV

Live

Kerala

വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കാനാണ് ലീഗിന്‍റെ നീക്കമെന്ന് സിപിഎം

ആര്‍എസ്എസിനെതിരെ പ്രവര്‍ത്തിക്കേണ്ട സമയത്ത് സങ്കുചിത താത്പര്യത്തിന് വേണ്ടിയാണ് വര്‍ഗീയ സംഘടനകളെ കൂട്ടുപിടിക്കുന്നതെന്ന് എളമരം കരീം.

വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കാനാണ് ലീഗിന്‍റെ നീക്കമെന്ന് സിപിഎം

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കാനാണ് ലീഗ് ശ്രമമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി. ആര്‍എസ്എസിനെതിരെ പ്രവര്‍ത്തിക്കേണ്ട സമയത്ത് സങ്കുചിത താത്പര്യത്തിന് വേണ്ടിയാണ് വര്‍ഗീയ സംഘടനകളെ കൂട്ടുപിടിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തുള്ള സംഘടനകളുമായി സഹകരിക്കാന്‍ തീരുമാനിച്ചെന്ന ലീഗ് സര്‍ക്കുലര്‍ പുറത്തുവന്നിരുന്നു. കീഴ്ഘടകങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയത്. യുഡിഎഫിന് വിജയ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ജനകീയ മുന്നണി രൂപീകരിക്കണമെന്നും മുസ്‍ലിം ലീഗ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

"യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറുള്ളതും നമുക്ക് സഹകരിക്കാന്‍ പറ്റുന്നതുമായ പ്രത്യേക വിഭാഗങ്ങളുമായോ സംഘടനകളുമായോ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ നീക്കുപോക്കുകള്‍ നടത്താവുന്നതാണ്. ആവശ്യമുള്ളിടത്ത് പൊതുസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളെ പരിഗണിച്ചും തെരഞ്ഞെടുപ്പ് വിജയം ഉറപ്പ് വരുത്തേണ്ടതാണ്" എന്നാണ് സര്‍ക്കുലറിലെ വാചകം.

ലീഗ് ഒഴികയുള്ള മറ്റ് പാര്‍ട്ടികളെയും സംഘടനകളെയും ഒപ്പം നിര്‍ത്തി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് ജനകീയ മുന്നണി. വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവരോട് സഹകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിക്കുകയുണ്ടായി.