LiveTV

Live

Kerala

ഫ്രറ്റേണിറ്റി മാർച്ചിനെതിരായ പൊലീസ് അതിക്രമം; ജനാധിപത്യ പ്രതിഷേധങ്ങളെ പൊലീസ് കടന്നാക്രമിക്കുന്നു: ഷംസീർ ഇബ്റാഹിം

അധ്യയനം ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിവീശിയിരുന്നു

ഫ്രറ്റേണിറ്റി മാർച്ചിനെതിരായ പൊലീസ് അതിക്രമം; ജനാധിപത്യ പ്രതിഷേധങ്ങളെ പൊലീസ് കടന്നാക്രമിക്കുന്നു: ഷംസീർ ഇബ്റാഹിം

ജനാധിപത്യ പ്രതിഷേധങ്ങളെ പൊലീസ് കടന്നാക്രമിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീർ ഇബ്റാഹിം. അധ്യയന വർഷം ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ലാത്തിവീശിയിരുന്നു. പൊലീസ് അതിക്രമം ആസൂത്രിതവും മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതുമാണെന്നും പ്രവർത്തകർ പൊലീസിനെ ആക്രമിക്കുകയോ ബാരിക്കേഡിൽ തൊടുകയോ പോലുമുണ്ടായിട്ടില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം പ്രസ്താവനയില്‍ പറഞ്ഞു.

മലപ്പുറത്ത് ഫ്രറ്റേണിറ്റി മാർച്ചിന് നേരെ പൊലീസ് ലാത്തിവീശി
Also Read

മലപ്പുറത്ത് ഫ്രറ്റേണിറ്റി മാർച്ചിന് നേരെ പൊലീസ് ലാത്തിവീശി

ഒരു പ്രതിഷേധത്തെ തടയുകയോ നേരിടുകയോ ചെയ്യേണ്ട സാമാന്യ രീതിയോ ക്രമസമാധാന പാലകർ എന്ന നിലയിൽ കാണിക്കേണ്ട പ്രാഥമിക മര്യാദകൾ പോലുമോ കാണിക്കാതെയാണ് പൊലീസ് പെരുമാറിയത്. വിദ്യാഭ്യാസ വകുപ്പിനെതിരായ സമരങ്ങളെ ഇങ്ങനെ നേരിടണമെന്ന് പൊലീസിന് നിർദേശം കിട്ടിയിട്ടുണ്ടോ ? ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കാൻ പൊലീസിന് ആരാണ് അധികാരം നൽകിയത് ? ഈ പൊലീസ് ഭീകരതയെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഷംസീര്‍ ഇബ്രാഹീം പറഞ്ഞു.

പൊലീസ് ലാത്തിചാര്‍ജില്‍ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല കമ്മിറ്റിയംഗം അഖീൽ നാസിം, ആദിൽ ജാവേദ് കൂട്ടിലങ്ങാടി, നസീബ് മങ്കട എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം മലപ്പുറം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെ മലപ്പുറം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ല സെക്രട്ടേറിയറ്റ് അംഗം അജ്മൽ തോട്ടോളി എന്നിവരടക്കം 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്ത സർക്കാരിന്‍റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെയും അനാസ്ഥയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡി.ഡി.ഇ, എ.ഇ.ഒ ഓഫീസുകളിലേക്ക് മാർച്ച് നടത്തിയിരുന്നു. പാഠപുസ്തക അച്ചടിയും വിതരണവും കാലതാമസമില്ലാതെ പൂർത്തീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകം ഉടൻ ലഭ്യമാക്കണം. എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകം ലഭിക്കുന്നതു വരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് സമര രംഗത്തുണ്ടാകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വിവിധയിടങ്ങളിൽ സംസ്ഥാന-ജില്ലാ നേതാക്കൾ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.