LiveTV

Live

Kerala

പ്രളയ കാലത്ത് നാട്ടുകാര്‍ക്കായി ഓടിനടന്നു, സ്വന്തം വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിന് വീണ്ടും പ്രവാസം: ഷാജന്‍റെ മരണം താങ്ങാനാകാതെ നാടും വീടും

11 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച ഷാജന്‍ വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാനാണ് വീണ്ടും കടല്‍ കടന്നത്..

പ്രളയ കാലത്ത് നാട്ടുകാര്‍ക്കായി ഓടിനടന്നു, സ്വന്തം വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിന് വീണ്ടും പ്രവാസം: ഷാജന്‍റെ മരണം താങ്ങാനാകാതെ നാടും വീടും

കഴിഞ്ഞ ദിവസം ദുബൈയില്‍ മരിച്ച ഷാജന്റെ മരണത്തില്‍ തേങ്ങുകയാണ് കാഞ്ഞങ്ങാട് പുല്ലൂര്‍ പെരിയയിലുള്ള കുടുംബം. സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്ന ഷാജന്‍റെ മരണം നാട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ല. പ്രളയ കാലത്ത് അടക്കം സേവന രംഗത്ത് ഓടി നടന്ന ഷാജന്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു.

കഴിഞ്ഞ 4ആം തീയ്യതി ഉച്ചയോടെയാണ് ദുബൈയിലെ താമസസ്ഥലത്ത് വെച്ച് ഷാജന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ കൂട്ടുകാരന്റെ കൂടെ ആശുപത്രിയിലെത്തി. രാത്രിയോടെ മരണ വിവരം കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ മീങ്ങോത്ത് പള്ളയില്‍ വീട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ചു.

11 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് ഒന്നര വര്‍‌ഷം മുന്‍പാണ് ഷാജന്‍ നാട്ടിലേക്ക് മടങ്ങിയത്. പ്രവാസം കൊണ്ട് സമ്പാദ്യമൊന്നും ഉണ്ടാക്കാനായിരുന്നില്ല. വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ വീണ്ടും കടലുകടക്കണമെന്നായി. അതോടെ ആറ് മാസം മുന്‍പ് ദുബൈയിലേക്ക് മടങ്ങി. മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് വരെ സ്വന്തമായി ഒരു വീടെന്ന സ്വപ്നമായിരുന്നു ഷാജന്‍ ജ്യേഷ്ഠനുമായി പങ്കുവെച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഷാജന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. അവിടെ നിന്നും റോഡ് മാര്‍ഗം നാട്ടിലെത്തിച്ചു. അച്ഛന്റെ അടുത്ത് തന്നെ ചിതയൊരുക്കി. ശ്രീവിദ്യയാണ് ഭാര്യ. മൂന്നിലും രണ്ടിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. നാട്ടിലെ സാംസ്കാരിക സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഷാജന്‍റെ വേര്‍പാടില്‍ തേങ്ങുകയാണ് ഈ വീടും നാടും.