LiveTV

Live

Kerala

ഇന്ത്യയിൽ വേറെയൊരു സംസ്ഥാനവും പ്രവാസികളോട് ഈ ക്രൂരത കാണിച്ചിട്ടില്ല: വി. മുരളീധരന്‍

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ തീരുമാനം പ്രവാസികളോട് കാണിക്കുന്ന ക്രൂരതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഇന്ത്യയിൽ വേറെയൊരു സംസ്ഥാനവും പ്രവാസികളോട് ഈ ക്രൂരത കാണിച്ചിട്ടില്ല: വി. മുരളീധരന്‍

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ കേരള സര്‍ക്കാര്‍ തീരുമാനം പ്രവാസികളോട് കാണിക്കുന്ന ക്രൂരതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ നിബന്ധനകൾ വെയ്ക്കുന്നത് അതാത് സംസ്ഥാനങ്ങളാണ്. ഇന്ത്യയിൽ വേറെയൊരു സംസ്ഥാനവും ഈ നിബന്ധന വെച്ചിട്ടില്ല.. കേരള സർക്കാർ തീരുമാനം കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരുമെന്നും വി മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്‍. ഇതുവഴി പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ ആന്‍റി ബോഡി ടെസ്റ്റോ ആണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്. യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടെസ്റ്റ് ചെയ്യേണ്ടത്. ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക. വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ലായെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.

വന്ദേഭാരത് മിഷൻ വിമാനയാത്രക്ക് യു.എ.ഇയിൽ നിന്ന് 800നു ചുവടെയാണ് ടിക്കറ്റ് നിരക്കെങ്കിൽ ചാർട്ടേഡ് വിമാനത്തിന് ആയിരത്തിനും മുകളിലാണ് തുക. കോവിഡ് ടെസ്റ്റിന്‍റെ പണം കൂടി വരുന്നതോടെ നിരക്ക് പിന്നെയും കൂടും. സൗദി അറേബ്യയിലും മറ്റും ചാർട്ടേഡ് വിമാനങ്ങൾ കൂടി മുടങ്ങുന്നത് കടുത്ത പ്രതിസന്ധിയാവും സൃഷ്ടിക്കുക. പ്രവാസലോകത്തെ നിരവധി സംഘടനകളാണ് ചാർട്ടേഡ് വിമാന പദ്ധതിയുമായി രംഗത്തുള്ളത്.

വന്ദേഭാരത് മിഷൻ വിമാനങ്ങൾക്കില്ലാത്ത പുതിയ നിബന്ധന അടിയന്തരമായി പിൻവലിക്കണം എന്ന ആവശ്യമാണ് പ്രവാസലോകത്തു നിന്നും പ്രതിപക്ഷ സംഘടനകളില്‍നിന്നും ഉയരുന്നത്. കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാൻ ഗൾഫ് നാടുകളിൽ വരുന്ന കാലവിളംബവും ചാർട്ടേഡ് വിമാന സർവീസുകൾക്ക് തിരിച്ചടിയാകും.