LiveTV

Live

Kerala

കണ്ണൂരില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കിട്ടി; രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ഇന്നലെ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയായിരുന്നു.

കണ്ണൂരില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കിട്ടി; രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കണ്ണൂർ പയ്യാവൂർ പാറക്കടവിൽ പുഴയിൽ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂര്‍ സ്വദേശി മനീഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 21 വയസ്സായിരുന്നു. അനൂപ്, അരുണ്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയ വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുൺ, ബ്ലാത്തൂർ സ്വദേശി മനീഷ് എന്നിവരെ കാണാതായത്. പുഴയുടെ ആഴക്കൂടുതല്‍ കാരണം ഫയര്‍ഫോഴ്സ് ഇന്നലെ തിരച്ചില്‍ അവസാനിച്ചിരുന്നു. ഇന്ന് രാവിലെ തെരച്ചില്‍ ആരംഭിച്ച് 15 മിനിറ്റിനികം തന്നെ മനീഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇന്നലെ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട മറ്റൊരു സുഹൃത്ത് അനൂപ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

കനത്ത മഴയും ഒഴുക്കും ആയതിനാല്‍ നാട്ടുകാര്‍ക്ക് പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, നിരന്തരം അപകടങ്ങളുണ്ടാകുന്ന ഒരു പ്രദേശം കൂടിയാണ് ഇത്. ഫയര്‍ഫോഴ്സെത്തി നാട്ടുകാരും ഫയര്‍ഫോഴ്സും കൂടി 9 മണിവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും, രാത്രി ആയതും മഴ കനത്തതും തിരച്ചില്‍ ദുഷ്കരമാക്കി. തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു.

ഇന്ന് രാവിലെ തിരച്ചില്‍ തുടര്‍ന്നതോടെയാണ് മനീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. മറ്റ് രണ്ട് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.