LiveTV

Live

Kerala

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; കഞ്ചാവു മാഫിയക്ക് പങ്കെന്ന പരാതിയുമായി ബന്ധുക്കള്‍

ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; കഞ്ചാവു മാഫിയക്ക് പങ്കെന്ന പരാതിയുമായി ബന്ധുക്കള്‍

കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ പരാതി. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ മകള്‍ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞു. പ്രാര്‍ത്ഥിക്കാനായി പോയ മകള്‍ തൂങ്ങി നില്‍ക്കുന്നതാണ് പിന്നീട് കണ്ടത്. കുട്ടിക്ക് നിലവില്‍ ആത്മഹത്യ ചെയ്യേണ്ട യാതൊരു പ്രശ്നങ്ങളുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കുട്ടിയുടെ അമ്മയുടെ അച്ഛനാണ് ഇപ്പോള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തുക്കള്‍ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ട്. ഇവര്‍ നിരന്തരം വീട്ടില്‍ വരാറുണ്ട്. ഇന്നലെയും ഇവര്‍ വീട്ടില്‍ വന്നിരുന്നു. ഇവര്‍ക്ക് കുട്ടിയുടെ മരണവുമായി ബന്ധമുണ്ടെന്നാണ് മുത്തച്ഛന്‍റെ ആരോപണം.

എന്നാല്‍ പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പുസ്തകത്തില്‍ നിന്ന ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.