LiveTV

Live

Kerala

യുവാവ് കുഴഞ്ഞ് വീണു മരിച്ചു; പോലീസ്‌ മർദ്ദനത്തെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ

നിസാര കേസിനു കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നും 4 മാസത്തിനു ശേഷം മകൻ കുഴഞ്ഞു വീണു മരിച്ചെന്നും ബന്ധുക്കൾ പറയുന്നു.

യുവാവ് കുഴഞ്ഞ് വീണു മരിച്ചു; പോലീസ്‌ മർദ്ദനത്തെ തുടർന്നെന്ന ആരോപണവുമായി  ബന്ധുക്കൾ

പോലീസ്‌ മർദ്ദനത്തെ തുടർന്ന് യുവാവ്‌ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. നിസാര കേസിനു കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നും 4 മാസത്തിനു ശേഷം മകൻ കുഴഞ്ഞു വീണു മരിച്ചെന്നും ബന്ധുക്കൾ പറയുന്നു. പത്തനംതിട്ട അഡൂർ പോലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം.

ജനുവരി ഒന്നിനാണ് പത്തനംതിട്ട അഡൂരിലെ സിപിഎം സജീവ പ്രവർത്തകനായിരുന്ന ജോയലിനെ പോലീസ്‌ കസ്റ്റഡിയിലെടുക്കുന്നത്. നിർത്തിയിട്ടിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കസ്റ്റഡി. സ്റ്റേഷനിലെത്തിച്ച മകനെ പോലീസ്‌ പ്രകോപനമില്ലാതെ ക്രൂരമായി മർദിച്ചെന്ന് ബന്ധുക്കൾ പറയുന്നു. തടയാൻ ചെന്ന പിതാവിനെയും പിതൃസഹോദരിയെയും മർദ്ദിച്ചതായും ഇവർ പറഞ്ഞു.

മർദ്ദനത്തിന് ശേഷം ഇത് സംബന്ധിച്ചു പരാതി നൽകിയാൽ ഇനിയും കസ്റ്റഡിയിലെടുക്കുമെന്നും മർദ്ദിക്കുമെന്നും സിഐ ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിക്കുന്നു. പിന്നീട് നാല് മാസത്തിനു ശേഷം ഇക്കഴിഞ്ഞ മെയ് 22ന് യുവാവ് വീട്ടിൽ കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു അസുഖങ്ങളൊന്നുമില്ലാത്ത ജോയൽ മരിക്കാനിടയായത് പോലീസ് മർദ്ദനം ഏൽപ്പിച്ച ശാരീരിക ആഘാതമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പൊലീസ് മര്‍ദ്ദനത്തിന് ശേഷം മകന്‍ തങ്ങളറിയാതെ നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു എന്ന കാര്യവും അവന്‍റെ മരണശേഷമാണ് അറിഞ്ഞതെന്നും പിതാവ് പറയുന്നു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോയലിന്റെ കുടുമ്പം മുഖ്യമന്ത്രിയെയും ഡിജിപിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. ജോയലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കൃത്യമായ മരണകാരണം തങ്ങൾക്ക് ഇപ്പോഴും വ്യക്തമല്ലെന്നും ബന്ധുക്കൾ പറയുന്നു.

എന്നാൽ ജോയലിനെ മർദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തു അന്നുതന്നെ ജാമ്യത്തിൽ വിട്ടിരുന്നു എന്നുമാണ് പോലീസ് വിശദീകരണം . വിഷയത്തിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നതിനു പിന്നിൽ മറ്റു താല്പര്യങ്ങളുണ്ടാവാമെന്നും പോലീസ് പറയുന്നു.