LiveTV

Live

Kerala

കുഞ്ഞ് ജിന്നിന്‍റെ ഹൃദയമിടിപ്പ് സാധാരണ നിലയിലായി, ലൈബീരിയയിലേക്കുള്ള വിമാനസര്‍വീസിനായുള്ള കാത്തിരിപ്പിലാണ് ജിന്നും മാതാവും

ലൈബീരിയയില്‍ നിന്നും കൊച്ചിയിലെത്തി ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് രണ്ടര വയസ്സുകാരന്‍ ജിന്‍ പേ. ലോക്ക്ഡൌണ്‍ ആരംഭിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനാവാതെ ഇവര്‍ പ്രതിസന്ധിയിലായത്

കുഞ്ഞ് ജിന്നിന്‍റെ  ഹൃദയമിടിപ്പ് സാധാരണ നിലയിലായി, ലൈബീരിയയിലേക്കുള്ള വിമാനസര്‍വീസിനായുള്ള കാത്തിരിപ്പിലാണ് ജിന്നും മാതാവും

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന് രണ്ടര വയസ്സുള്ള മകന്‍ ജിന്‍ പേയുമായി മാതാവ് ജെന്നെ മാര്‍ച്ച് രണ്ടിനാണ് കൊച്ചിയിലെത്തിയത്. ജിന്നിന്‍റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു അനേകായിരം കാതങ്ങള്‍ താണ്ടിയുള്ള യാത്ര. പീറ്റര്‍, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിന്‍, ജനിച്ച് ഏതാനും നാളുകള്‍ക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം ആനുപാതികമായി വര്‍ധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ എത്രയും വേഗം വേണമെന്ന് അടുത്തയിടെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു.

ആരോഗ്യമേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ ലൈബീരിയയില്‍ ഇല്ല. തലസ്ഥാനമായ മൺറോവിയയിലെ ജെ എഫ് കെ മെഡിക്കല്‍ സെന്ററിലെ ഡോക്ടറാണ് ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിര്‍ദേശിച്ചത്.

പിന്നീട് പീറ്ററിനും ജെന്നെയ്‌ക്കെും കഠിനാധ്വാനത്തിന്‍റെയും ത്യാഗത്തിന്‍റെയും നാളുകളായിരുന്നു. ഓവര്‍ടൈം ജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികള്‍ വേണ്ടെന്ന് വെച്ചുമൊക്കെയാണ് യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്.

മാര്‍ച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ വലിയ ആഹ്‌ളാദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും.

തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞത്. ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകള്‍ക്കുമായി ജെന്നെ കരുതിയതൊക്കെ ഇതിനോടകം തീർന്നു കഴിഞ്ഞു. ലിസി ആശുപത്രി അധികൃതരാണ് ഇപ്പോള്‍ ജിന്നിനും മാതാവിനും താമസവും ഭക്ഷണവും ഒരുക്കുന്നത്. ആശുപത്രിയിലൂടെ സന്തോഷത്തോടെ ഓടി നടക്കുന്ന ജിന്‍ നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് പിതാവിനോട് വീഡിയോ കോളിലൂടെ ആവശ്യപ്പെടുന്നുണ്ട്. മഹാമാരിയുടെ വിപത്ത് ഒഴിഞ്ഞ് കുടുംബാഗങ്ങള്‍ക്കൊപ്പം ചേരാന്‍ കാത്തിരിക്കുകയാണ് ജിന്നും മാതാവും.

ജിന്‍ കൊച്ചി ലിസി ആശുപത്രിയില്‍
ജിന്‍ കൊച്ചി ലിസി ആശുപത്രിയില്‍
ജിന്‍ മാതാവിനൊപ്പം
ജിന്‍ മാതാവിനൊപ്പം