LiveTV

Live

Kerala

യുഡിഎഫിലേക്ക് പോകുന്നുവെന്നത് കള്ളപ്രചാരണം; കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള

യുഡിഎഫുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഢാലോചനയെന്ന് കെ ബി ഗണേഷ്കുമാര്‍

യുഡിഎഫിലേക്ക് പോകുന്നുവെന്നത് കള്ളപ്രചാരണം; കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള

കേരള കോണ്‍ഗ്രസ് ബി ഇടതു മുന്നണി വിടില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. മുന്നണി വിടുമെന്നത് കള്ള പ്രചരണമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചകളൊന്നും നടത്തിയില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയും വ്യക്തമാക്കി. പാര്‍ട്ടി യുഡിഎഫ് വിടുന്നതിന് മുമ്പ് അതില്‍ നിന്ന് രാജിവെച്ചയാളാണ് താനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

'താന്‍ ഇതുവരെ മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ല. ചോദിക്കാതെ തന്നെ പാര്‍ട്ടി ചെയര്‍മാന് കാബിനറ്റ് റാങ്കോടെ മുന്നോക്ക വികസ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി നല്‍കിയിട്ടുണ്ട് എല്‍ഡിഎഫ്. താന്‍ മന്ത്രി സ്ഥാനത്തിന് വേണ്ടി യുഡിഎഫിലേക്ക് പോകുന്നുവെന്ന് പറയുന്നത് നാണംക്കെട്ട കാര്യമാണ്. രണ്ടു തവണ മന്ത്രിസ്ഥാനം ഉപേക്ഷിച്ചയാളാണ് താന്‍. എനിക്ക് മന്ത്രിയാകാന്‍ താത്പര്യമില്ല. സൗഹൃദ സന്ദര്‍ശനത്തിന്‍റെ ഭാഗമായി രണ്ടു ദിവസം മുമ്പ് എം.കെ.മുനീര്‍ അച്ഛനെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. മുന്നണിയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയവും അവിടെ സംസാരിച്ചിട്ടില്ല' - ഗണേഷ് കുമാര്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതില്‍ ഗൂഢാലോചനയുണ്ട്. എല്‍ഡിഎഫില്‍ തങ്ങള്‍ വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ആരുമായി താന്‍ ചര്‍ച്ച നടത്തിയെന്ന് വാര്‍ത്ത നല്‍കിയവര്‍ പറയണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.