LiveTV

Live

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഇടുക്കിയില്‍ നിന്നും മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തി

കാശിത്തുമ്പ വിഭാഗത്തിലുള്ള ഇമ്പേഷ്യന്‍സ് ജനുസ്സില്‍ ഉള്‍പ്പെട്ടതാണ് ആദ്യ രണ്ടു സസ്യങ്ങള്‍.എരിയോകോളന്‍ വാമനെയാണ് മൂന്നാമത്തെ സസ്യം


കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഇടുക്കിയില്‍ നിന്നും മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഇടുക്കി ജില്ലയില്‍ നിന്ന് മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തി. കാശിത്തുമ്പ വിഭാഗത്തിലുള്ള ഇമ്പേഷ്യന്‍സ് ജനുസ്സില്‍ ഉള്‍പ്പെട്ടതാണ് ആദ്യ രണ്ടു സസ്യങ്ങള്‍.എരിയോകോളന്‍ വാമനെയാണ് മൂന്നാമത്തെ സസ്യം.

ഇമ്പേഷ്യന്‍സ് നിദോലപത്ര, ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്‌പോറ എന്നീ പേരിട്ടിരിക്കുന്ന സസ്യങ്ങള്‍ ഇടുക്കിയിലെ മാങ്കുളം വനമേഖലയില്‍ നിന്നാണ് കണ്ടെത്തിയത്.ആരെയും ആകര്‍ഷിക്കുന്ന പിങ്ക് നിറത്തിലുള്ള പൂക്കളും നേര്‍ത്ത ഇലകളുമാണ് ഇമ്പേഷ്യന്‍സ് നിദോലപത്രക്ക്. ഇലകളുടെ സവിശേഷതയാണ് നിദോലപത്ര എന്ന പേര് നല്‍കാന്‍ കാരണം.ഇളം റോസ് നിറത്തിലൂള്ള ഭംഗിയേറിയ ദളങ്ങളും വലിപ്പമേറിയ പരാഗരേണുക്കളുമാണ് ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്‌പോറയുടെ പ്രധാന സവിശേഷത. പരാഗരേണുക്കളുടെ വലുപ്പം കൊണ്ടാണ് ഗ്രാന്‍ഡിസ്പോറയെന്ന പേരിട്ടത്.

കിഴങ്ങുകളില്‍ നിന്ന് പ്രജനനം നടത്തുന്ന ഈ സസ്യം കാലവര്‍ഷത്തിന്‍റെ അവസാനത്തോടുകൂടി പുഷ്പ്പിക്കുകയും പിന്നീടുണ്ടാകുന്ന മഴയില്‍ ഇല്ലാതാകുകയും ചെയ്യും.മണ്ണിനടിയില്‍ അവശേഷിക്കുന്ന കിഴങ്ങുകള്‍ അനുയോജ്യമായ കാലാവസ്ഥയില്‍ വീണ്ടും മുളച്ച് വരുമെന്ന പ്രത്യേകതയുമുണ്ട്.സഞ്ചാരികളുടെ പറുദീസയായ മീശപ്പുലിമലയില്‍ നിന്നും കണ്ടെത്തിയ എരിയോകോളേസിയെ കുടുംബത്തില്‍പ്പെട്ട എരിയോകോളന്‍ വാമനെയാണ് മൂന്നാമത്തെ സസ്യം.വേറിട്ടുനില്‍ക്കുന്ന വിദളങ്ങളോടുകൂടിയ ആണ്‍പുഷ്പവും രോമങ്ങളോടുകൂടിയ പെണ്‍പുഷ്പവും ഈ സസ്യത്തിന്‍റെ സവിശേഷതകളാണ്.ബോട്ടണി പഠനവിഭാഗം പ്രൊഫസര്‍ ഡോ.സന്തോഷ് നമ്പി, വിഷ്ണു മോഹന്‍, ഡാനി ഫ്രാന്‍സിസ്,ദിവ്യ കെ. വേണുഗോപാല്‍ എന്നിവരാണ് ഗവേഷക സംഘത്തിലുണ്ടായിരുന്നത്.