LiveTV

Live

Kerala

ഇരുട്ടടിക്ക് അവസാനമില്ല; പെട്രോളിനും ഡ‍ീസലിനും വീണ്ടും വില വര്‍ധിച്ചു

ഒരാഴ്ചയ്ക്കിടെ പെട്രോളിന് 3 രൂപ 91 പൈസയും ഡീസലിന് 3 രൂപ 81 പൈസയുമാണ് വർധിപ്പിച്ചത്.

ഇരുട്ടടിക്ക് അവസാനമില്ല; പെട്രോളിനും ഡ‍ീസലിനും വീണ്ടും വില വര്‍ധിച്ചു

തുടര്‍ച്ചയായ ഏഴാംദിനത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 59 പൈസയും ഡീസൽ 55 പൈസയുമാണ് ഇന്ന് കൂടിയത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 3 രൂപ 91 പൈസയും ഡീസലിന് 3 രൂപ 81 പൈസയുമാണ് വർധിപ്പിച്ചത്.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 75 രൂപ 30 പൈസയും ഡീസല്‍ ലിറ്ററിന് 69 രൂപ 47 പൈസയുമാണ് ഇന്ന് കൊച്ചിയിലെ പുതിയ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ നേരിയ വിലക്കയറ്റം മുതലാക്കിയാണ് തുടര്‍ച്ചയായ വിലവര്‍ധനവ്.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇന്ധന വിലവര്‍ധനവ് അവശ്യസാധനങ്ങളുടെ വില വര്‍ധനവിനും കാരണമാക്കിയേക്കും. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞ സമയത്തും എക്സൈസ് തീരുവ മൂന്ന് തവണ വര്‍ധിപ്പിച്ചതിനാല്‍ വിലക്കുറവിന്‍റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല.

എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചായ ദിവസങ്ങളില്‍ വര്‍ധന വരുത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്‍റെയും വിമാന ഇന്ധനത്തിന്‍റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു.