LiveTV

Live

Kerala

ജോളിയുടെ ഫോണ്‍ വിളി ചട്ടലംഘനമല്ലെന്ന് ജയില്‍ വകുപ്പ്; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല

ജോളി മകനടക്കമുള്ളവരെ വിളിച്ചത് തടവുകാര്‍ക്ക് ബന്ധുക്കളെ വിളിക്കാനായി ഒരുക്കിയിട്ടുള്ള ഔദ്യോഗിക ഫോണില്‍ നിന്നാണെന്നും ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു

ജോളിയുടെ ഫോണ്‍ വിളി ചട്ടലംഘനമല്ലെന്ന് ജയില്‍ വകുപ്പ്; 
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല

കൂടത്തായി കൊലപാത കേസിലെ പ്രതി ജോളി ജില്ലാ ജയിലില്‍ അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ജയില്‍ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ജോളി മകനടക്കമുള്ളവരെ വിളിച്ചത് തടവുകാര്‍ക്ക് ബന്ധുക്കളെ വിളിക്കാനായി ഒരുക്കിയിട്ടുള്ള ഔദ്യോഗിക ഫോണില്‍ നിന്നാണെന്നും ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ചട്ടലംഘനം ഇക്കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

കോഴിക്കോട് ജില്ലാ ജയില്‍ നിന്നും മകനടക്കമുള്ളവരെ ജോളി മുബൈല്‍ ഫോണില്‍ നിരന്തരമായി വിളിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. ജോളി മകന്‍ റോമോയെ വിളിച്ചതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരമേഖലാ ഐജി സംസ്ഥാന ജയില്‍ ഡിജിപിക്ക് നേരത്തെ റിപോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ ജോളി വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ ജയിലിലെ ഔദ്യോഗിക നമ്പറാണെന്ന് തുടര്‍‌ അന്വേഷണത്തില്‍ ഉത്തരമേഖല ജയില്‍‌ ഡിഐജി വിനോദ് കുമാര്‍ കണ്ടെത്തി. തടവുകാര്‍ക്ക് ബന്ധുക്കളെ വിളിക്കാനായി മുന്‍പ് ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളാണ് ജയിലുകളില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആന്ധ്രാപ്രദേശിലെ അലന്‍ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ കാര്‍ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

ജോളി ജയിലില്‍ നിന്ന് വിളിച്ചതായി പൊലീസ് ഐജിയുടെ റിപ്പോര്‍ട്ടിലുള്ള നമ്പര്‍ കാര്‍ഡ് സിസ്റ്റത്തിന്‍റെ ഭഗാമായ നമ്പറാണെന്നും മുബൈല്‍ ഫോണ്‍ നമ്പറല്ലെന്നും ജയില്‍ വകുപ്പിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ല നടപടി ക്രമങ്ങള്‍ പാലിച്ച് ഫോണ്‍ വിളിച്ചത് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായും ജയില്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി വിശദീകരിക്കുന്നു. അതേസമയം ജോളി ജയിലില്‍ നിന്ന് വിളിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കൂടത്തായി കേസിലെ പരാതിക്കാരുടെ ആരോപണം.