LiveTV

Live

Kerala

വെടിയുണ്ടകള്‍ കാണാതായ സംഭവം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി

നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണെന്നും റൈഫിളുകളൊന്നും കാണാതായിട്ടില്ലെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹരജി തള്ളിയത്

വെടിയുണ്ടകള്‍ കാണാതായ സംഭവം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി

പൊലീസിന്‍റെ കൈവശമുള്ള വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണെന്നും റൈഫിളുകളൊന്നും കാണാതായിട്ടില്ലെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹരജി തള്ളിയത്. വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന സി.എ.ജി റിപ്പോർട്ട് ഗൗരവമേറിയതാണെന്നും അന്വേഷണം സി.ബി.ഐക്കോ എൻ.ഐ.എക്കോ കൈമാറണമെന്നുമാവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി പി. പി രാമചന്ദ്ര കൈമളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

എസ്.എ.പി ക്യാമ്പിൽ നിന്ന് 25 റൈഫിളുകൾ 2011 ഫെബ്രുവരി 14ന് തിരുവനന്തപുരം സിറ്റി പൊലീസിലേക്ക് നൽകിയതിന്‍റെ രേഖകൾ സി.എ.ജി അധികൃതർ നിരസിച്ചതാണ് റൈഫിളുകൾ കാണാതായെന്ന വിവാദത്തിനു കാരണമെന്നായിരുന്നു സര്‍ക്കാരിന്‍റെ വിശദീകരണം.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ ഭാഗമായി ഫെബ്രുവരി 17 ന് തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ ക്രൈംബ്രാഞ്ച് ഡയറക്ടർ, ഐ.ജി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

660 റൈഫിളുകൾ ഉണ്ടായിരുന്നതിൽ 647 എണ്ണം ക്യാമ്പിൽ തന്നെയുണ്ട്. ശേഷിച്ച 13 എണ്ണം കഴിഞ്ഞ ജനുവരി 16ലെ ഉത്തരവിലൂടെ ഇന്ത്യൻ റിസർവ് ബറ്റാലിയന്‍റെ പരിശീലനത്തിനായി മണിപ്പൂരിലേക്ക് നൽകിയിരുന്നു. ഇവ വീഡിയോ കോൺഫറൻസിംഗിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തിയെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം . സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. ഇക്കാര്യം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുതാൽപര്യ ഹരജി നിലനിൽക്കില്ലെന്നും സി.ബി.ഐ അന്വേഷണമെന്ന ആവശ്യം തള്ളണമെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതംഗീകരിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സി.ബി.ഐ അന്വേഷണ ഹരജി തള്ളിയത്.