LiveTV

Live

Kerala

തൃശൂരില്‍ കോവിഡ് രോഗികള്‍ കൂടുന്നു; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

ഇന്നലെ മാത്രം ജില്ലയിൽ 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്


തൃശൂരില്‍ കോവിഡ് രോഗികള്‍ കൂടുന്നു; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

തൃശൂരില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഉച്ചക്ക് ശേഷം മന്ത്രി എ.സി മൊയ്‌തീന്‍റെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. ഇന്നലെ മാത്രം ജില്ലയിൽ 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആകെ 25 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിലവില്‍ ജില്ലയില്‍ 145 പേരാണ് ചികിത്സയിലുള്ളത്. തൃശൂര്‍ ജില്ലയിലെ ഗുരുതര സാഹചര്യം പരിഗണിച്ച് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. താത്കാലികമായി സമ്പൂര്‍ണ ലോക്ഡൌണ്‍ വേണമെന്നും പ്രതാപന്‍ മീഡിയവണിനോട് പറഞ്ഞു.

മുംബൈയില്‍ നിന്നെത്തിയ 7 മാസം പ്രായമായ പെൺകുഞ്ഞ് ഉള്‍പ്പെടെ 25 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് . 14 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധിച്ചത്. കോവിഡ് പോസിറ്റീവായതില്‍ 8 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 3 പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. ചാലക്കുടി സ്വദേശികളായ മുംബൈയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കോവിഡ്. കുരിയിച്ചിറ വെയർഹൗസ് തൊഴിലാളികളായ ചിയാരം , അഞ്ചേരി , തൃശൂർ , കുട്ടനെല്ലൂർ സ്വദേശികള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. കോർപ്പറേഷനിലെ നാല് ശുചീകരണ തൊഴിലാളികള്‍ക്കും സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു . ഇവര്‍ മരത്താക്കര ,അഞ്ചേരി , ചെറുകുന്ന് , കുട്ടനെല്ലൂർ സ്വദേശികളാണ്. ആരോഗ്യ പ്രവർത്തകരായ ചാവക്കാട്, കുരിയച്ചിറ , പറപ്പൂര്‍ സ്വദേശികള്‍ക്കും , ആശാ പ്രവർത്തകയായ ചാവക്കാട് സ്വദേശിനിക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

ആംബുലൻസ് ഡ്രൈവറായ അളഗപ്പനഗർ സ്വദേശിയും ക്വാറന്‍റൈനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശിയും സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവായവരില്‍ ഉള്‍പ്പെടുന്നു. നിലവിൽ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. ഏഴ് പേർ രോഗമുക്തരായി. പ്രതിരോധത്തിന്‍റെ ഭാഗമായി ആകെ 13003 പേരാണ് നിരീക്ഷണത്തിലുളളത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിൽ 4 കണ്ടെയ്ൻമെന്‍റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. വാടാനപ്പിളളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകൾ, മണത്തല വില്ലേജിൽ ഉൾപ്പെടുന്ന ചാവക്കാട് നഗരസഭയുടെ പ്രദേശങ്ങൾ, തൃശൂർ കോർപ്പറേഷനിലെ 24 മുതൽ 34 വരെയുള്ള വാര്‍ഡുകളും 41ആം ഡിവിഷനും ആണ് സോണിൽ ഉള്ളത്.