LiveTV

Live

Kerala

കളഞ്ഞ് കിട്ടിയ പണം തിരികെ നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍ റഹീം

ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപയടങ്ങുന്ന പൊതിയാണ് ഉടമസ്ഥനെ ഏല്‍പ്പിച്ചത്

കളഞ്ഞ് കിട്ടിയ പണം തിരികെ നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍ റഹീം

ലോക്ഡൗണും കോവിഡുമൊക്കെ ജീവിതത്തിൽ വരുത്തിവെച്ച  ദുരിതകയത്തിലാണെങ്കിലും അർഹതയില്ലാത്തത് സ്വന്തമാക്കാൻ റഹീം തയ്യാറല്ല. തന്റെ ഓട്ടോയിൽ യാത്രക്കാരൻ മറന്ന് വെച്ച പണം ഉടമയെ കണ്ടെത്തി തിരികെ നൽകി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് കൊച്ചി പള്ളുരുത്തി തങ്ങൾ നഗർ ചോയിസ് ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന റഹീം. ബുധനാഴ്ച വൈകീട്ടാണ് പള്ളുരുത്തി കെ.എം.പി നഗറിൽ വാടകക്ക് താമസിക്കുന്ന കാഞ്ഞിരപറമ്പിൽ കെ.എ കമറുദ്ദീൻ എന്ന യാത്രക്കാരൻ റഹീമിന്റെ ഓട്ടോയിൽ ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപയടങ്ങുന്ന പൊതിയുമായി കയറുന്നത്. തോപ്പുംപടി ഫിഷറീസ് ഹാർബറിൽ നിന്ന് മത്സ്യം മൊത്തമായി എടുക്കുന്നയാളുടെ കീഴിൽ ജോലി ചെയ്യുകയാണ് കമറുദ്ദീൻ. മത്സ്യം മാർക്കറ്റുകളിൽ എത്തിച്ച് വിൽപന നടത്തുകയാണ് കമറുദ്ദീന്‍റെ ജോലി.  മീൻ വിറ്റ പണവുമായി ഹാർബറിലേക്ക് പോകാനാണ് ഓട്ടോയിൽ കയറിയത്. ഹാർബറിൽ എത്തിയ കമറുദ്ദീൻ പണം എടുക്കാൻ മറന്ന്  ഇറങ്ങി പോകുകയായിരുന്നു. തിരിച്ചെത്തി അന്വേഷിച്ചെങ്കിലും ഓട്ടോ പോയിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ തോപ്പുംപടി സ്റ്റേഷനിൽ പരാതി നൽകി മടങ്ങി. രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. റഹീം പിന്നീട് യാത്രക്കാരെ കിട്ടാത്ത വിഷമത്തിൽ വണ്ടി വീടിന് വെളിയിൽ ഒതുക്കിയിടുകയും ചെയ്തു. രാവിലെ വണ്ടി തുടക്കുന്നതിനായി നോക്കിയപ്പോഴാണ് പണമടങ്ങിയ പൊതി കാണുന്നത്. ഉടൻ പൊതിയിൽ കണ്ട ബില്ലിലെ നമ്പറിൽ വിളിച്ചു. അവിടെ നിന്ന് കമറുദ്ദീന്‍റെ സഹോദരന്‍റെ നമ്പര്‍ ലഭിക്കുകയും വിവരം വിളിച്ചറിയിക്കുകയുമായിരുന്നു. തോപ്പുംപടി സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ എം.ഡി അഭിലാഷിന്‍റെ സാന്നിധ്യത്തിൽ പണം റഹീം കമറുദ്ദീന് കൈമാറി.