LiveTV

Live

Kerala

മുന്നറിയിപ്പില്ലാതെ മൂന്ന് അധ്യാപികമാരെ പിരിച്ചുവിട്ടു; കൂനമ്മാവ് സെന്‍റ്. ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെതിരെ പരാതി

സ്വകാര്യ സ്ഥാപനത്തിനായി അധിക ജോലി ചെയ്യിപ്പിക്കുന്ന കാര്യം ചോദ്യം ചെയ്തതിനാണ് പ്രതികാരനടപടിയെന്ന് അധ്യാപികമാര്‍ ആരോപിക്കുന്നു

മുന്നറിയിപ്പില്ലാതെ മൂന്ന് അധ്യാപികമാരെ പിരിച്ചുവിട്ടു; കൂനമ്മാവ് സെന്‍റ്. ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെതിരെ പരാതി

മുന്നറിയിപ്പില്ലാതെ മൂന്ന് അധ്യാപികമാരെ പിരിച്ചുവിട്ടെന്നാരോപിച്ച് എറണാകുളം കൂനമ്മാവ് സെന്‍റ്. ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെതിരെ പരാതി. സ്വകാര്യ സ്ഥാപനത്തിനായി അധിക ജോലി ചെയ്യിപ്പിക്കുന്ന കാര്യം ചോദ്യം ചെയ്തതിനാണ് പ്രതികാരനടപടിയെന്ന് അധ്യാപികമാര്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അച്ചടക്കനടപടിയുടെ ഭാഗമായാണ് പിരിച്ചുവിടലെന്നുമാണ് സ്കൂളിന്‍റെ വിശദീകരണം.

സി.എം.സി ജനറലേറ്റിന് കീഴിലെ കൂനമ്മാവ് സെന്‍റ്. ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെതിരെയാണ് പരാതി. സ്കൂളിലെ അധ്യാപികമാരായിരുന്ന രൂപ ദാസ്, മേരി ഷിനി, സോവിന അനിൽ എന്നിവരാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടെന്ന് കാണിച്ച് ഡിഡിഇക്കും മുഖ്യമന്ത്രിക്കുമടക്കം പരാതി നല്‍കിയിരിക്കുന്നത്. പിരിച്ചുവിട്ട അധ്യാപികമാരില്‍ രണ്ട് പേര്‍ 11 വര്‍ഷമായി സ്കൂളില്‍ ജോലിചെയ്തുവരികയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന് സ്കൂളിലെ പാഠഭാഗങ്ങള്‍ മൈക്രോയൂണിറ്റാക്കി നല്‍കണമെന്ന മാനേജ്മെന്‍റിന്‍റെ ആവശ്യം നിരസിച്ചതിനാണ് പ്രതികാര നടപടിയെന്നാണ് അധ്യാപികമാരുടെ ആരോപണം.

എന്നാല്‍ പിരിച്ചുവിടുന്നതിന്‍റെ രണ്ട് മാസം മുന്‍പ് തന്നെ ഇക്കാര്യം അധ്യാപികമാരെ ബോധിപ്പിച്ചതാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സ്കൂള്‍ അധികൃതരുടെ പ്രതികരണം. സ്കൂളിന്‍റെ വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കുന്നതിനായാണ് സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്ന് ചില പദ്ധതികള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ഇത് അമിതഭാരമാകുമെന്ന് അധ്യാപകര്‍ പരാതിപ്പെട്ടതോടെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മാനേജ്മെന്‍റ് നിര്‍ദേശിക്കുന്ന പല പ്രവര്‍ത്തനങ്ങളിലും നിസ്സഹകരണം തുടര്‍ന്നതോടെയാണ് പിരിച്ചുവിട്ടതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയ മറുപടി.