LiveTV

Live

Kerala

ഉമ്മക്ക് കൂട്ടായി ഇനി ഉപ്പയുണ്ട്; സ്വപ്നങ്ങള്‍ ബാക്കിയാക്കി സക്കീര്‍ ഹുസൈന്‍ യാത്രയായി

കേരള അതിർത്തിയിലെ നീലഗിരി ദേവർഷോല സ്വദേശിയായ സക്കീർ ഹുസ്സൈൻ ഇക്കഴിഞ്ഞ ജനുവരിയിലാണ് സൌദിയിലെത്തിയത്

ഉമ്മക്ക് കൂട്ടായി ഇനി ഉപ്പയുണ്ട്; സ്വപ്നങ്ങള്‍ ബാക്കിയാക്കി സക്കീര്‍ ഹുസൈന്‍ യാത്രയായി

ജയിലിൽ കഴിഞ്ഞിരുന്ന പിതാവിനെ അവസാനമായി കാണാൻ സൌദിയിലെത്തിയ അർബുദ രോഗിയായ സക്കീർ ഹുസൈന്‍ യാത്രയായി. കേരള അതിർത്തി‌യിലെ നീലഗിരി ദേവർഷോല സ്വദേശിയായ സക്കീർ ഹുസ്സൈൻ ഇക്കഴിഞ്ഞ ജനുവരിയിലാണ് സൌദിയിലെത്തിയത്. ഉംറ നിർവ്വഹിക്കുന്നതിനും പിതാവിനെ കാണുന്നതിനും സക്കീർ ഹുസ്സൈൻ മക്കയിലെത്തിയ വാർത്ത മീഡിയവണ്‍ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അഞ്ചാം വയസ്സിൽ കാലിന് പിടിപെട്ട അര്‍ബുദ രോഗം ശ്വാസകോശത്തിലേക്ക് വ്യാപിച്ച അവസ്ഥയിലാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ സുമനസ്സുകളുടെ സഹായത്തോടെ സക്കീര്‍ ഹുസ്സൈന്‍ മാതാവിനും വല്ല്യൂപ്പയുമൊത്ത് മക്കയിലെത്തിയത്. ഉംറ നിര്‍വ്വഹിച്ച് കഅബക്കരികിലെത്തി പ്രപഞ്ചനാഥനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. 9 വര്‍ഷമായി കണ്ടിട്ടില്ലാത്ത പിതാവിനെ ജിസാനിലെ ജയിലിലെത്തി അവസാനമായൊന്ന് കാണണമെന്നും പറ്റിയാല്‍ നാട്ടിലേക്ക് തിരിച്ച് കൊണ്ട് പോകണമെന്നും ഈ പതിമൂന്ന് വയസ്സുകാരന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ജിസാനിലെ ജയിലിലെത്തി ഉപ്പയെ കണ്ടു. അവസാനമായി ഉപ്പക്ക് മുത്തം കൊടുത്ത് തിരിച്ച് പോകുമ്പോള്‍ സക്കീര്‍ ഹുസ്സൈന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ.

ഉപ്പയുടെ ജയില്‍ മോചനത്തിനായി സഹായിക്കണം. സക്കീറിന്‍റെ ആഗ്രഹപ്രകാരം സാമൂഹിക പ്രവര്‍ത്തകരുടെ ഇടപടലിലൂടെ പിതാവ് സൈദ് സലീം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ജയില്‍ മോചിതനായി നാട്ടിലെത്തി. എന്നാല്‍ ഇന്ന് രാവിലെ സക്കീര്‍ ഹുസ്സൈന്‍ നാഥന്‍റെ സന്നിധിയിലേക്ക് യാത്രയായി. തുടങ്ങിവെച്ച ഖുര്‍ആന്‍ മനപാഠ കോഴ്‌സ് പൂര്‍ത്തീകരിക്കാനായില്ലെങ്കിലും തനിക്ക് വേണ്ടി പ്രാർത്ഥിച്ചും കരഞ്ഞും എന്നും കൂടെയുണ്ടായിരുന്ന ഉമ്മക്ക് കൂട്ടായി ഉപ്പയെ തിരിച്ച് ഏല്‍പ്പിച്ചു എന്ന സമാധാനത്തോടെയാണ് സക്കീര്‍ ഹുസ്സൈന്‍ യാത്രയായത്.