LiveTV

Live

Kerala

എന്‍റെ മകൾ ലവ് ജിഹാദിന്‍റെ ഇരയല്ല; കാറപകടത്തിൽ മരിച്ച ഫാത്തിമയുടെ പിതാവിന്‍റെ വൈകാരികമായ കുറിപ്പ്

ഞങ്ങളുടെ ഇടവക സെമിത്തേരിയിൽ അവളെ അടക്കം ചെയ്യാൻ അവളുടെ മൃതശരീരം വിട്ടുതന്നതുതന്നെ ആ കുടുംബത്തിന്‍റെ ഹൃദയവിശാലതയെ തുറന്നുകാട്ടുന്നു

എന്‍റെ  മകൾ ലവ് ജിഹാദിന്‍റെ ഇരയല്ല; കാറപകടത്തിൽ മരിച്ച ഫാത്തിമയുടെ പിതാവിന്‍റെ വൈകാരികമായ കുറിപ്പ്

തന്‍റെ മകള്‍ ലവ് ജിഹാദിന്‍റെ ഇരയല്ലെന്നും മതവ്യത്യാസങ്ങളുടെ പേരിൽ ഊഹാപോഹങ്ങൾ എഴുതി പ്രചരിപ്പിച്ച് ദയവുചെയ്ത് സമൂഹത്തിൽ വിദ്വേഷത്തിന്‍റെ വിത്ത് വിതയ്ക്കരുതെന്നുമുള്ള അപേക്ഷയുമായി ഒരച്ഛന്‍. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ഫാത്തിമ എന്ന നിവേദിതയുടെ അച്ഛന്‍ ഷാജി ജോസഫ് അറക്കല്‍ ആണ് തന്‍റെ മകളുടെ മരണത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന വിദ്വേഷപ്രചരണങ്ങള്‍ നിര്‍ത്തണം എന്ന അപേക്ഷയുമായി എത്തിയത്. ഫെയ്സ്‍ബുക്കിലൂടെയാണ് മുസ്‍ലിം യുവാവുമായുള്ള മകളുടെ പ്രണയവിവാഹത്തെ കുറിച്ചും അവളുടെ ഭര്‍തൃവീട്ടുകാരുടെ കരുതലും സ്നേഹവും വ്യക്തമാക്കിയും ഷാജി ജോസഫ് കുറിപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പാലക്കാട് ചാലിശേരി പട്ടാമ്പി- കുന്നംകുളം പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഷാജി ജോസഫിന്‍റെ മകള്‍ നിവേദിത എന്ന ഫാത്തിമ മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിയായ അമീനിനെയാണ് നിവേദിത വിവാഹം കഴിച്ചത്. അപകടവാര്‍ത്ത പുറത്തുവന്നത് വന്നതുമുതല്‍ നിവേദിത ലവ് ജിഹാദിന്‍റെ ഇരയാണ് എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായിരുന്നു. ഇതിനുള്ള മറുപടി കൂടിയായിട്ടാണ് ഇപ്പോള്‍ നിവേദിതയുടെ അച്ഛന്‍റെ കുറിപ്പ്.

എന്‍റെ  മകൾ ലവ് ജിഹാദിന്‍റെ ഇരയല്ല; കാറപകടത്തിൽ മരിച്ച ഫാത്തിമയുടെ പിതാവിന്‍റെ വൈകാരികമായ കുറിപ്പ്

എഴുതാനുള്ള ഒരു മാനസികാവസ്ഥയിലല്ല താനെന്ന് പറഞ്ഞുകൊണ്ടാണ് ഷാജി ജോസഫ് തന്‍റെ കുറിപ്പ് തുടങ്ങിയിരിക്കുന്നത്. ഫെയ്സ്‍ ബുക്ക് പോസ്റ്റിന് കീഴിലും വിദ്വേഷ പ്രചരണങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് കമന്‍റുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ഷാജി ജോസഫ് അറക്കലിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം:

എഴുതാനുള്ള ഒരു മാനസികാവസ്ഥയിലല്ല ഞാൻ. പക്ഷേ, ഊഹാപോഹങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിൽ പടയോട്ടം നടത്തുന്ന എല്ലാ സഹോദാരങ്ങളോടുമായി പറയട്ടെ, 06/06/2020-ൽ പെരുമ്പിലാവിൽ കാറുകൾ കൂട്ടിയിടിച്ചു മരണപ്പെട്ട എന്‍റെ മകൾ നിവേദിത അറക്കൽ ലവ് ജിഹാദിന്‍റെ ഇരയൊന്നുമല്ല. ഒരേ കാമ്പസിൽ പഠിച്ചുകൊണ്ടിരിക്കെ, അമീൻ എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി രജിസ്റ്റർ മാരേജ് ചെയ്തു പരസ്പര സ്നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയുമായിരുന്നു അവൾ.

മത മൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങൾ അധികമുള്ള മലപ്പുറത്തെ ഒരു മുസ്ലിം കുടുംബമാണ് എന്‍റെ മകളുടെ ഭർത്താവായ അമീനിന്‍റേത്. എന്‍റെ മകൾ ഫോണിലൂടെ എല്ലാ ദിവസവും ഞങ്ങളോടു പറഞ്ഞതും ഞങ്ങൾ നേരിട്ടറിഞ്ഞതുമനുസരിച്ച്, അവളെ അവർ ഏറെ കരുതലോടെയും സ്നേഹത്തോടെയുമാണ് മരുമകളായും സഹോദരിയായും കണ്ടിരുന്നത്. അവളുടെ അടുത്ത സുഹൃത്തുക്കളും ഈ യാഥാർഥ്യങ്ങൾ അറിവുള്ളവരാണ്.

ഞങ്ങളുടെ ഇടവക സെമിത്തേരിയിൽ അവളെ അടക്കം ചെയ്യാൻ അവളുടെ മൃതശരീരം വിട്ടുതന്നതുതന്നെ ആ കുടുംബത്തിന്‍റെ ഹൃദയവിശാലതയെ തുറന്നുകാട്ടുന്നു. മൃതസംസ്കാര ശുശ്രൂഷകൾ പൂർണമാക്കി നിറകണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടും കൂടെയാണ് അവർ മലപ്പുറത്തേക്ക് മടങ്ങിയത്.

ദയവുചെയ്ത് മതവ്യത്യാസങ്ങളുടെ പേരിൽ ഊഹാപോഹങ്ങൾ എഴുതി പ്രചരിപ്പിച്ച് സമൂഹത്തിൽ വിദ്വേഷത്തിന്‍റെ വിത്ത് വിതയ്ക്കരുത് എന്നപേക്ഷിക്കുന്നു.

എഴുതാനുള്ള ഒരു മനസികാവസ്ഥയിലല്ല ഞാൻ. പക്ഷേ, ഊഹാപോഹങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിൽ പടയോട്ടം നടത്തുന്ന എല്ലാ...

Posted by Shaji Joseph Arakkal on Wednesday, June 10, 2020