LiveTV

Live

Kerala

പഠനം ഓണ്‍ലൈന്‍ വഴി: ഖുര്‍ആന്‍ മനഃപാഠമാക്കിയത് 29 പേര്‍

പത്ത് പെൺകുട്ടികളും 19 ആൺകുട്ടികളുമടക്കം 29 പേർ ഖുർആൻ മനഃപ്പാഠമാക്കി ഹാഫിളുമാരായി

പഠനം ഓണ്‍ലൈന്‍ വഴി: ഖുര്‍ആന്‍ മനഃപാഠമാക്കിയത് 29 പേര്‍

ഓൺലൈൻ പഠനത്തിലൂടെ 29 പുതിയ ഖുർആൻ ഹാഫിളുമാരെ സൃഷ്ടിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ  മർക്കസുത്തഹ്ഫീസിൽ ഖുർആൻ.

കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ആരംഭിച്ചതിനാൽ 2020 മാർച്ച് 10ന് മതപഠനസ്ഥാപനമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കണമെന്ന് സര്‍ക്കാര്‍ നിർദ്ദേശത്തെ തുടർന്ന് താനൂരിലെ മർക്കസുത്തഹ്ഫീസിൽ ഖുർആൻ അടച്ചെങ്കിലും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനം അവര്‍ ഓണ്‍ലൈനായി തുടര്‍ന്നു.

ഒരു ദിവസം പോലും ക്ലാസ് നഷ്ടപ്പെടുത്താതെ ശാസ്ത്രീയമായ രീതിയിലുള്ള ഓൺലൈന്‍ ക്ലാസ്സ് മുറികളിലൂടെ ചിട്ടയായ ഖുർആൻ ഹിഫ്ള് പഠനം നടത്തിക്കൊണ്ടാണ് പത്ത് പെൺകുട്ടികളും 19 ആൺകുട്ടികളുമടക്കം 29 പേർ ഖുർആൻ മനഃപ്പാഠമാക്കി ഹാഫിളുമാരായിതീർന്നത്.

റമദാൻ 29 നായിരുന്നു എല്ലാ വിദ്യാർത്ഥികളും സ്വവസതികളിൽ ഇരുന്ന് ഓൺലൈൻ വഴി, തങ്ങളുടെ അധ്യാപകരെ വിശുദ്ധ ഖുർആനിന്റെ അവസാന ഭാഗം പാരായണം ചെയ്ത് കേൾപ്പിച്ചത്. രക്ഷിതാക്കളും സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളുമടക്കമുള്ള ഒരു വലിയ ഓൺലൈൻ സദസ്സിനെ സാക്ഷികളാക്കി കൊണ്ടായിരുന്നു ഇത്.

പഠനം ഓണ്‍ലൈന്‍ വഴി: ഖുര്‍ആന്‍ മനഃപാഠമാക്കിയത് 29 പേര്‍

ഭൗതിക വിദ്യാഭ്യാസം നഷ്ടപ്പെടാതെ 152 ആൺകുട്ടികളും 42 പെൺകുട്ടികളുമടക്കം 194 ഹാഫിളുകളെയാണ് താനൂർ എം.ടി.ക്യൂ സമൂഹത്തിന് സംഭാവന ചെയ്തിട്ടുള്ളത്. രണ്ടര വർഷക്കാലം കൊണ്ടാണ് ഓരോ കുട്ടിയും ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കി കോഴ്സ് പൂർത്തികരിക്കുന്നത്. ഓരോ വർഷവും സ്ഥാപനത്തിൽ നിന്ന് ഹാഫിളുമാർ കോഴ്സ് പൂർത്തിയാക്കി സനദ് സ്വീകരിക്കാറുണ്ട്.

അടുത്ത വർഷത്തേക്ക് ഖുർആൻ പഠനം പൂർത്തികരിക്കേണ്ട 26 പേർ കൂടി ഓൺലൈൻ ക്ലാസ്സുകളിലൂടെ ഖുർആൻ മനനം ചെയ്ത് വരുന്നുണ്ട്. 2004ൽ താനൂർ കാട്ടിലങ്ങാടിയിൽ രൂപീകൃതമായ മൊയ്തു ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.