LiveTV

Live

Kerala

ആതിര നിധിനെ ഒരു നോക്ക് കണ്ടു അവസാനമായി

ഭാര്യ ആതിരക്ക് നിധിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. ആതിര അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി

ആതിര നിധിനെ ഒരു നോക്ക് കണ്ടു അവസാനമായി

നാടിന്‍റെ നൊമ്പരമായി മാറിയ നിധിന്‍ ചന്ദ്രന് വിട. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍‌ മരിച്ച നിധിന്‍റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ച് ഭാര്യ ആതിരയെ കാണിച്ചു. തുടര്‍ന്ന് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിച്ചു

എല്ലാം ഉള്ളിലടക്കി ഒരു നോക്ക് കണ്ടു ആതിര തന്‍റെ പ്രിയതമനെ. അവസാന യാത്രയ്ക്കിടെ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ വെച്ച്. പിഞ്ചോമന പിറന്നതറിയാതെ ഈ ലോകത്ത് നിന്ന് മടങ്ങിയ തന്‍റെ നിധിന് ആതിര അന്ത്യചുംബനം നല്‍കി. അപ്പോഴേക്കും നിധിന്‍റെ നാടായ മുയ്പോത്ത് മുഴുവന്‍ സങ്കടക്കടലായി മാറിയിരുന്നു.

വീടിന് മുന്നിലേക്ക് മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് എത്തിയപ്പോഴേക്കും അതുവരെ അടക്കിവെച്ച സങ്കടങ്ങളെല്ലാം അണപൊട്ടി. അമ്മയും അച്ഛനും മകനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത് കണ്ട് നിന്നവരുടെ കണ്ണുകളെ നയിപ്പിച്ചു.

ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്ക് ഒപ്പം നാട്ടിലേക്ക് മടങ്ങാനുള്ള അവസരം പോലും അവശത അനുഭവിക്കുന്നവര്‍ക്കായി മാറ്റിവെച്ച നിധിന്‍റെ അവിചാരിതമായ മരണം എല്ലാവരേയും ഉലച്ചു കളഞ്ഞിരുന്നു. നിധിന്‍റെ അന്ത്യയാത്രയ്ക്കിടയിലും എല്ലാവരും പ്രാര്‍ത്ഥിച്ചത് അച്ഛന്‍ പോയതറിയാതെ പിറന്ന പിഞ്ചോമനയ്ക്കും നിധിന്‍റെ പ്രിയതമ ആതിരയ്ക്കും വേണ്ടി കൂടിയായിരുന്നു.

ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയിൽ കഴിയുന്നതിനാലാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്. ഇന്നലെയാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

10 മിനിട്ട് മാത്രമാണ് ആംബുലന്‍സ് ആശുപത്രിയില്‍ നിര്‍ത്തിയത്. വീല്‍ചെയറില്‍ ആതിരയെ ആംബുലന്‍സിന് സമീപം കൊണ്ടുവന്നു. അടുത്ത ബന്ധുക്കളും ആതിരക്ക് ഒപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് നിധിന്‍റെ മരണം ആതിരയെ അറിയിച്ചത്.

ഇന്നലെ കുഞ്ഞ് ഉണ്ടായിട്ടും നിധിന്‍ വിളിക്കാതിരുന്നതോടെ എന്തുകൊണ്ടാണെന്ന് ആതിര അന്വേഷിക്കുന്നുണ്ടായിരുന്നു. ചെറിയ നെഞ്ചുവേദന എന്നാണ് ആദ്യം അറിയിച്ചത്. ഇന്ന് രാവിലെ അല്‍പം ഗുരുതരമാണെന്ന് പറഞ്ഞു. നിധിന്‍റെ മൃതദേഹം കൊച്ചിയില്‍ എത്തിയതോടെയാണ് മരണ വിവരം അറിയിച്ചത്.

ആതിരയ്ക്കും നിധിനും പെണ്‍കുഞ്ഞ്: പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ ആതിര
Also Read

ആതിരയ്ക്കും നിധിനും പെണ്‍കുഞ്ഞ്: പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ ആതിര

കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് നല്‍കിയത്. ടിക്കറ്റ് സ്വീകരിച്ച ആതിരയും നിധിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചു. രണ്ടു പേര്‍ക്ക് ടിക്കറ്റിനുള്ള പണവും അവര്‍ പകരം നല്‍കി.

ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു
Also Read

ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്‍റെ മകനാണ് നിതിൻ. കേ​ര​ള ബ്ല​ഡ് ഗ്രൂ​പ്പി​ന്‍റ യു​.എ​.ഇ​യി​ലെ കോ​ര്‍​ഡി​നേ​റ്റ​റും കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഇ​ൻ​കാ​സ് യൂ​ത്ത് വിംഗി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നുമായിരുന്നു നിധിന്‍.