LiveTV

Live

Kerala

ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; പാലക്കാട് ആശങ്കയില്‍

ജില്ലാ ആശുപത്രിയിലെ ജീവനക്കാരെ കൂടാതെ മറ്റ് ആശുപത്രികളിലെ ജീവനക്കാർക്കും സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു.

ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; പാലക്കാട് ആശങ്കയില്‍

കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പാലക്കാട്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 14ൽ 4 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 172 ആയി.

ജില്ലാ ആശുപത്രിയിലെ ജീവനക്കാരെ കൂടാതെ മറ്റ് ആശുപത്രികളിലെ ജീവനക്കാർക്കും സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ ചെർപുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്കും വാളയാറിലെ ചെക്പോസ്റ്റിലെ ഒരു ജീവനക്കാരനും കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ഒരാഴ്ചക്കിടെ പാലക്കാട് ജില്ലാ ആശുപത്രിയിലെ 14 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

നേരത്തെ വാളയാർ ചെക്ക് പോസ്റ്റിലെ 3 ആരോഗ്യ പ്രവർത്തകർക്കും ശ്രീകൃഷ്ണപുരത്തെ ഹെൽത്ത് ഇൻസ്പെക്ടർക്കും സമ്പർക്കത്തിലൂടെ കോവിസ് ബാധിച്ചിരുന്നു. ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗബാധയെത്തുടർന്ന് ആശുപത്രി അടച്ചു. മറ്റ് ജീവനക്കാർ നിരീക്ഷണത്തിലായി. ഓഫീസ് ക്ലർക്കിനും ശുചീകരണ വിഭാഗം ജീവനക്കാരിക്കുമാണിവിടെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇവരുടെ രോഗ കാരണത്തിനുളള ഉറവിടം വ്യക്തമായിട്ടില്ല. ഒറ്റപ്പാലം സ്വദേശിനിയായ വീട്ടമ്മക്കും സമ്പർക്കത്തിലൂടെ രോഗം വന്നു. കോയമ്പത്തൂരിൽ നിന്നും വന്ന മകളുടെ ഭർത്താവിൽ നിന്നാണ് 60 വയസുകാരിക്ക് രോഗം ബാധിച്ചത്.

സമ്പർക്കം മൂലം രോഗബാധ ഏറ്റവുമധികം ഉണ്ടായ ഇടങ്ങളിലൊന്നാണ് പാലക്കാട്. ജില്ലയിൽ 35 പേർക്ക് ഇത്തരത്തിൽ രോഗബാധയുണ്ടായെന്നാണ് കണക്ക്. ഇതിൽ പലരുടെയും ഉറവിടം വ്യക്തമാകാത്തത് കൂടുതൽ രോഗപ്പകർച്ചയ്ക്ക് ഇടയാക്കുമോയെന്ന ആശങ്കയുമുണ്ട്. സാമൂഹ്യ വ്യാപനമെന്ന ആശങ്ക നിലവിൽ ഇല്ലെന്നും രോഗബാധ സ്ഥിരീകരിച്ച ഇടങ്ങളിൽ കർശന നിരീക്ഷണമുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വിദേശത്തു നിന്ന് വന്ന നാല് പേർക്കും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 13ആം തിയ്യതി മുതൽ പാലക്കാട് മെഡിക്കൽ കോളജിലും കോവിഡ് രോഗികളെ പ്രവേശിപ്പിക്കും.

ഇന്നലെ 91 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് പുതുതായി 91 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 82 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 10 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പാലക്കാട് 14 പേര്‍ക്കും ആലപ്പുഴയിൽ 11 പേര്‍ക്കും തിരുവനന്തപുരത്ത് 10 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് 8ഉം പത്തനംതിട്ട, കോഴിക്കോട് 7 വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിൽ 6 വീതവും കേസുകൾ പോസിറ്റീവായി. കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും രോഗം ബാധിച്ചു. രോഗം ബാധിച്ചവരിൽ 53 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 27 പേർ മറ്റു സംസ്ഥാനത്ത് നിന്നും കേരളത്തിലെത്തിയവരാണ്. പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും തൃശൂരിൽ 3 പേര്‍ക്കും മലപ്പുറത്ത് 2 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരത്ത് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 12 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേരും രോഗവിമുക്തി നേടി. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലവും നെഗറ്റീവായി. സംസ്ഥാനത്ത് നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു.

പുതുതായി 10 ഹോട്ട് സ്‌പോട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട് കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.