LiveTV

Live

Kerala

ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മലയാളി കോവിഡ് ബാധിച്ച് മരിച്ചു

ഡൽഹി പോലീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ സണ്ണി ടി.സിയാണ് മരിച്ചത്.

ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മലയാളി കോവിഡ് ബാധിച്ച് മരിച്ചു

ഡൽഹിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി പോലീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ സണ്ണി ടി.സിയാണ് മരിച്ചത്. 62 വയസായിരുന്നു.

കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ഡൽഹി ഉത്തംനഗറിലെ ജീവൻ പാർക്കിലായിരുന്നു താമസം. കഴിഞ്ഞ ഏതാനും ദിവസമായി എല്‍.എന്‍.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഡൽഹിയിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി.

24 മണിക്കൂറിനിടെ 9985 പേര്‍ക്ക് രോഗം

രാജ്യത്ത് കോവിഡ് വ്യാപനം അതിസങ്കീർണമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 279 പേര്‍ മരിച്ചു. ഡൽഹിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ൻ പറഞ്ഞു.

ആകെ രോഗികളുടെ എണ്ണം 2,76,583 ആയി. രാജ്യത്ത് 1,33,632 പേർ നിലവിൽ ചികിത്സയിലുണ്ട്.1,35,206 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 50 ശതമനം കടന്നു. കോവിഡ് സ്ഥിരീകരിച്ചതിൽ 70 ശതമാനം രോഗികളും മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം 31309. മരണസഖ്യ 905 ആണ്. ഡൽഹിയിൽ ലഫ്.ഗവർണ്ണറുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 90,787 കടന്നു. മരണ സംഖ്യ 3289 ആണ്. ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 21014ഉം മരണം 1313ഉം ആയി. രാജസ്ഥാൻ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചു. പാസ് ഉള്ളവരെ കടത്തിവിടും. രോഗബാധ വർധിച്ച സാഹചര്യത്തിലാണ് നടപടി.

പ്രതിദിനം ആയിരം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഐസിഎംആർ ഇത് സംബന്ധിച്ചൊരു സ്ഥിരീകരണം നടത്തിയിട്ടുമില്ല.