LiveTV

Live

Kerala

പ്രളയ ഫണ്ട് തട്ടിപ്പ്; വിഷ്ണുപ്രസാദിന്‍റെ ഒന്നരക്കോടിയുടെ സ്വത്ത് കണ്ടു കെട്ടണമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

ജില്ലാകലക്ടര്‍ ജോയിന്‍റ് ലാന്‍ഡ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും

പ്രളയ ഫണ്ട് തട്ടിപ്പ്; വിഷ്ണുപ്രസാദിന്‍റെ ഒന്നരക്കോടിയുടെ സ്വത്ത് കണ്ടു കെട്ടണമെന്ന്  കലക്ടറുടെ റിപ്പോര്‍ട്ട്

പ്രളയ ഫണ്ട് തട്ടിപ്പില്‍‌ കലക്ടറേറ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഒന്നാം പ്രതി വിഷ്ണു പ്രസാദിന് ഒന്നരക്കോടിയുടെ സ്വത്തുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളായ സി.പി.എം നേതാവും ഭാര്യയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍‌ ഹൈക്കോടതി നിര്‍ദേശിച്ചു.

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വിഷ്ണുപ്രസാദ് നടത്തിയത് ഗുരുതര ക്രമക്കേടാണെന്ന് കളക്ടറേറ്റില്‍ നടന്ന ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വിഷ്ണുപ്രസാദിന് ഒന്നരക്കോടി രൂപയുടെ സ്വത്തുള്ളതായും ഇത് തിരിച്ച് പിടിക്കാനും കളക്ടര്‍ ശിപാര്‍‌ശ ചെയ്തിട്ടുണ്ട്. വ്യാജ ബില്ലുകൾ തയാറാക്കി വിഷ്ണു പ്രസാദ് ലക്ഷങ്ങളുടെ അഴിമതി നടത്തിയതില്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജില്ലാ കലക്ടർ എസ്. സുഹാസ് ജോയിന്‍റ് ലാൻഡ് കമ്മീഷണർക്ക് റിപ്പോര്‍‌ട്ട് കൈമാറും. എറണാകുളം കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിൽ വിഷ്ണുപ്രസാദിനെയുമായെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

അതേസമയം കേസിലെ മൂന്നാം പ്രതിയും സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ എ.എം അൻവ‍ർ നാലാം പ്രതി കൗലത്ത് അൻവർ എന്നിവരോട് പത്തുദിവസത്തിനുളളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍‌ ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്നുതന്നെ ഇരുവരെയും മജസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം കൗലത്തിന് അന്നുതന്നെ ജാമ്യം നൽകണം. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നി‍ർദേശം. പ്രളയ ഫണ്ട് തട്ടിപ്പ് പ്രതികൾക്ക് സി.പി.എം നേതാക്കൾ ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. അന്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.