LiveTV

Live

Kerala

കോവിഡ് മരണം: ചാലക്കുടി സ്വദേശിയുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കാനാവില്ലെന്ന് പള്ളി കമ്മിറ്റി

ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.


കോവിഡ് മരണം: ചാലക്കുടി സ്വദേശിയുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കാനാവില്ലെന്ന് പള്ളി കമ്മിറ്റി

കോവിഡ് ബാധിച്ച് മരിച്ച തൃശൂർ ചാലക്കുടി സ്വദേശി ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്കരിച്ചില്ല. പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കാനാകില്ലെന്ന് ഭാരവാഹികൾ. ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. തിങ്കളാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഡിന്നി മരിച്ചത്.

മാലദ്വീപിൽ നിന്നെത്തിയ ഡിന്നി ചാക്കോക്ക് മെയ് 16നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മിനിഞ്ഞാന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ക്രിസ്തീയ ആചാര പ്രകാരം സംസ്കരികണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മൃതദേഹം സംസ്കരിക്കുന്നതിന് തച്ചുട പറമ്പ് സെൻറ് സെബാസ്റ്റ്യൻസ് പള്ളി കമ്മിറ്റിയാണ് അനുവാദം നിഷേധിച്ചത്‌. കോവിഡ് പ്രോട്ടോകോൾ പ്രകാരം പ്രദേശത്ത് ആഴത്തിൽ കുഴിവെട്ടി മൃതദേഹം സംസ്‌കരിക്കാൻ ആകില്ലെന്നാണ് വിശദീകരണം. ഡിന്നിയുടെ വീട്ടുകാർ നൽകിയ അപേക്ഷയിൽ പള്ളികമ്മിറ്റി മൂന്ന് മണിക്കൂറിലധികം ചർച്ച ചെയ്തങ്കിലും മൃതദേഹം സംസ്കരിക്കുന്നതിന് ഭൂരിഭാഗം അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

ഡിന്നിയുടെ മൃതദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കലക്ടറുടെ നിർദ്ദേശം അനുസരിച്ച് തുടർ നടപടികളുണ്ടാകും.