LiveTV

Live

Kerala

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 204 ആയി

97 പേരാണ് ദുബൈ ഉൾപ്പെടെ വിവിധ എമിറേറ്റുകളിലായി മരിച്ചത്.

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 204 ആയി

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 204 ആയി. ഇന്നലെ വിവിധ ഗൾഫ് രാജ്യങ്ങളിലായി നാല് പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചവരിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും.

ഗൾഫിലെ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് യുഎഇയിലാണ്. 97 പേരാണ് ദുബൈ ഉൾപ്പെടെ വിവിധ എമിറേറ്റുകളിലായി മരിച്ചത്. 57 മലയാളികൾ മരിച്ച സൗദി അറേബ്യയാണ് രണ്ടാമത്. കുവൈത്തിൽ 38 മലയാളികളാണ് ഇതിനകം കോവിഡിന് കീഴടങ്ങിയത്. ഖത്തറിൽ അഞ്ചും ഒമാനിൽ ആറുമാണ് മരണ സംഖ്യ. ബഹ്റൈനിൽ ഒരു മലയാളിയും ഇതിനകം കോവിഡ് ബാധിച്ച് മരിച്ചു.

ഇന്നലെ നാല് മലയാളികളാണ് കോവിഡ് ബാധിച്ചു ഗൾഫിൽ മരിച്ചത്. രണ്ട് പേർ മരിച്ചത് സൗദി അറേബ്യയിൽ. മലപ്പുറം പരപ്പനങ്ങാടി ആനങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് റിയാദിലും മലപ്പുറം കാരക്കുന്ന് പള്ളിപ്പടി സ്വദേശി അബ്ദുൽ ലത്തീഫ് പൂളഞ്ചേരി ദമ്മാമിലുമാണ് മരിച്ചത്. അബ്ദുൽ ഹമീദിന് 50ഉം അബ്ദുൽ ലത്തീഫിന് 42ഉം വയസുണ്ട്. 59കാരനായ തൃശൂർ മാട് ഒരുമനയൂർ തൊട്ടാപ്പ് തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ ഒമാനിലും കോഴിക്കോട് പന്നിയങ്കര സറീന മൻസിലിൽ മൊയ്തീൻ കോയ ദുബൈ ആശുപത്രിയിലുമാണ് മരിച്ചത്.

മലയാളി മരണ സംഖ്യ ഉയരുമ്പോൾ പ്രവാസ ലോകത്ത് ആശങ്ക വർധിക്കുകയാണ്. നിരവധി മലയാളികൾ ഗൾഫിലെ വിവിധ ആശുപത്രികളിലായി കോവിഡ് ബാധിതരായി അത്യാസന്ന നിലയിലുണ്ടെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

ഗള്‍ഫിലെ കോവിഡ് മരണം 1513 ആയി

ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 52 പേര്‍ മരിച്ചു. ഇതോടെ ഗൾഫിലെ കോവിഡ് ബാധിത മരണം 1513 ആയി. ഏഴായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തി എൺപത്തി ഏഴായിരം കടന്നു.

മരണസംഖ്യയും രോഗികളുടെ എണ്ണവും കുതിക്കുകയാണ് ഗൾഫിൽ. ഇന്നലെ സൗദി അറേബ്യയിലാണ് കൂടുതൽ മരണം- 37. ഖത്തറിൽ അഞ്ചും കുവൈത്തിൽ നാലും മരണം. യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രോഗവ്യാപനവും മാറ്റമില്ലാതെ തുടരുകയാണ്. സൗദിയിൽ മാത്രം 3288 ആണ് പുതിയ രോഗികളുടെ എണ്ണം. ഖത്തറിൽ ഇത് 1721 ആണ്. ഒമാനിൽ 712ഉം കുവൈത്തിൽ 630ഉം യു.എ.ഇയിൽ 528ഉം ബഹ്റൈനിൽ 314ഉം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

നാലായിരത്തിലേറെ പേർക്കാണ് ഇന്നലെ മാത്രം രോഗവിമുക്തി. ഇതോടെ ഗൾഫിൽ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തി എൺപത്തി മൂവായിരം കവിഞ്ഞു.

അതേസമയം അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറിനും മുകളിലാണ്. സൗദിയിൽ മാത്രം 1686 പേരാണ് അത്യാസന്ന നിലയിൽ ആശുപത്രിയിലുള്ളത്. അബൂദബിയിൽ നിയന്ത്രണം നീട്ടി. ഖത്തറിൽ ജൂൺ 15 മുതൽ നാല് ഘട്ടങ്ങളിലായി വിലക്കുകൾ പിൻവലിക്കും.