LiveTV

Live

Kerala

കുട്ടമ്പുഴ ആദിവാസി മേഖലകളിലെ ഓണ്‍ലൈന്‍ പഠനം; പലയിടത്തും വൈദ്യുതിയില്ല, ലാപ്ടോപ്പുകള്‍ നോക്കുകുത്തി

സര്‍വശിക്ഷാ അഭിയാന്‍റെ കീഴിലുളള ബ്ലോക്ക് റിസോഴ്‌സ് സെന്‍റര്‍ വഴി ചിലയിടങ്ങളില്‍ ലാപ്ടോപ്പ് വിതരണം നടത്തിയിരുന്നു


കുട്ടമ്പുഴ ആദിവാസി മേഖലകളിലെ ഓണ്‍ലൈന്‍ പഠനം; പലയിടത്തും വൈദ്യുതിയില്ല, ലാപ്ടോപ്പുകള്‍ നോക്കുകുത്തി

എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ വിദൂര ആദിവാസി മേഖലകളില്‍ പലയിടത്തും ഓണ്‍ലൈന്‍ പഠനം ഇതുവരെ സാധ്യമായില്ല. സര്‍വശിക്ഷാ അഭിയാന്‍റെ കീഴിലുളള ബ്ലോക്ക് റിസോഴ്‌സ് സെന്‍റര്‍ വഴി ചിലയിടങ്ങളില്‍ ലാപ്ടോപ്പ് വിതരണം നടത്തിയിരുന്നു. എന്നാല്‍ വൈദ്യുതിയില്ലാത്തതിനാല്‍ ലാപ്ടോപ് കാഴ്ചവസ്തുവായി മാറുകയാണ്.

ഓണ്‍ലൈന്‍ക്ലാസ് ആരംഭിച്ചത് മുതൽ തന്നെ ആദിവാസി മേഖലകളിലെ പല ഇടങ്ങളിലും ക്ലാസുകൾ പ്രായോഗികമല്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസി കുടികളുളള കുട്ടമ്പുഴയിലെ വാരിയം, ഉറിയംപ്പെട്ടി, മീൻകുളം, തേര,മാപ്പിളപ്പാറ കുടി എന്നിവിടങ്ങളിൽ ഓൺലൈൻ സംവിധാനം ഇതുവരെ സാധ്യമായില്ല. വൈദ്യുതി എത്താത്ത കാടുകളിൽ ഏതു തരം വിദ്യാഭ്യാസവും ഇവർക്ക് കീറാമുട്ടിയായിരിക്കും. കഴിഞ്ഞ ദിവസം ബി.ആർ.സി യുടെ നേതൃത്വത്തിൽ എട്ട് കുടികൾക്ക് ലാപ്പ്ടോപ്പ് നൽകി. പക്ഷേ വൈദ്യുതിയോ മറ്റ് സംവിധാനമോ ഇല്ലാത്ത ഊരുകളിൽ ലാപ്ടോപ്പുകൾ കാഴ്ചവസ്തുവായി മാറുകയാണ്.

അടിസ്ഥാന വിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ പുറം നാടുകളിലെ ഹോസ്റ്റലുകളിൽ നിന്നാണ് കാടിന്റെ മക്കൾ പഠിക്കുന്നത്. ആസൂത്രണമില്ലാതെയാണ് നിലവില്‍ ഈ പ്രദേശങ്ങളില്‍ കംപ്യൂട്ടർ നൽകിയതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. പുതിയ ഓൺലൈൻ പഠനം കുടികളിൽ യാഥാർഥ്യമാകണമെങ്കിൽ പുതിയ കൂടുതൽ പവറുള്ള സോളാർ പാനലുകൾ നൽകേണ്ടിവരും.