LiveTV

Live

Kerala

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍: തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ണായകം

ഇതുവരെയില്ലാത്ത തെര‍ഞ്ഞെടുപ്പ് രീതികള്‍ അടക്കം ഉപയോഗിക്കേണ്ടി വരുമെന്ന കണക്ക് കൂട്ടലിന്‍റെ അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളും മുന്നണികള്‍ ആരംഭിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍: തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ണായകം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നതോടെ അടുത്ത നാല് മാസം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലായത് കൊണ്ട് മൂന്ന് മുന്നണികളും കച്ചമുറുക്കിയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. ഇതുവരെയില്ലാത്ത തെര‍ഞ്ഞെടുപ്പ് രീതികള്‍ അടക്കം ഉപയോഗിക്കേണ്ടി വരുമെന്ന കണക്ക് കൂട്ടലിന്‍റെ അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളും മുന്നണികള്‍ ആരംഭിച്ചിട്ടുണ്ട്.

ഈ മാസം 17ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പതിവ് പോലെയുള്ള മുന്നൊരുക്കങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടികള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് മുന്നണികളും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം ആരംഭിച്ച് കഴിഞ്ഞു. കോവിഡ് ഭീതി നീണ്ടുനിന്നാല്‍ വെര്‍ച്വല്‍ പ്രചാരണം അടക്കം വേണ്ടിവരുമെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ പുതിയ രീതികളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കടക്കേണ്ടി വരും.

തങ്ങളുടെ ആശയങ്ങളും വാഗ്ദാനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി പ്രത്യേകം സോഷ്യല്‍ മീഡിയ വിങ്ങിനെ എല്ലാ പാര്‍ട്ടികളും നിയോഗിച്ചിട്ടുമുണ്ട്. അടുത്ത വര്‍ഷം ഏപ്രിലില്‍ നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന്‍റെ റിഹേഴ്സലായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തദ്ദേശ തെര‍ഞ്ഞെടുപ്പിനെ കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് മുന്നണികള്‍ കണക്ക് കൂട്ടുന്നത്.

തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം

തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് തവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ടാകും.

തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി നവംബര്‍ 12നാണ് അവസാനിക്കുന്നത്. അതിന് മുന്‍പ് പുതിയ ഭരണ സമിതി അധികാരമേല്‍ക്കേണ്ടത് കൊണ്ട് ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങള്‍ കമ്മീഷന്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഈ മാസം 17ന് കമ്മീഷന്‍ പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ഇനിയും തീര്‍പ്പാക്കാനുള്ളവ ജൂണ്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതുവരെ ഫോട്ടോ ഉള്‍പ്പെടെ മറ്റ് രേഖകള്‍ ഹാജരാക്കാത്തവര്‍ ജൂണ്‍ 9 മുതല്‍ 11 വരെ നേരിട്ടോ അല്ലാതെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പിന് മുന്‍പ് അടുത്ത മാസവും തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം നല്‍കും. പുതിയതായി 21 ലക്ഷത്തോളം അപേക്ഷകളാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കമ്മീഷന് ലഭിച്ചിരിക്കുന്നത്.