LiveTV

Live

Kerala

അനാഥാലയങ്ങളിലെ പ്രവേശനം; വിവാദ ഉത്തരവ് പുതുക്കി

അനാഥാലയങ്ങളിലേക്കുള്ള കുട്ടികളുടെ പ്രവേശനം പ്രതിസന്ധിയിലാക്കിയ വിവാദ ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി.

അനാഥാലയങ്ങളിലെ പ്രവേശനം; വിവാദ ഉത്തരവ് പുതുക്കി

അനാഥാലയങ്ങളിലേക്കുള്ള കുട്ടികളുടെ പ്രവേശനം പ്രതിസന്ധിയിലാക്കിയ വിവാദ ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളെ അനാഥാലയങ്ങളില്‍ ഉടന്‍ തന്നെ പ്രവേശിപ്പിക്കാമെന്നാണ് പുതുക്കിയ സര്‍ക്കുലറിലെ നിര്‍ദേശം. വീടുകളില്‍ ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്ത കുട്ടികള്‍ക്കും അനാഥാലയങ്ങളില്‍ ഇതോടെ പുനപ്രവേശനം ലഭ്യമാകും.

മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഉണ്ടെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് അനാഥാലയത്തിലേക്കുള്ള പ്രവേശനം നിഷേധിക്കരുത്. കുട്ടികളുടെ സുരക്ഷിതത്വമാണ് പ്രധാനമെന്നും സമൂഹിക നീതി വകുപ്പ് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മെയ് 25ന് ഇറങ്ങിയ ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കുന്നതെന്ന് വ്യക്തമാക്കിയാണ് പുതിയ സര്‍ക്കുലര്‍. നേരത്തെ ഇറക്കിയ ഉത്തരവ് അനാഥാലയങ്ങളെ തകര്‍ക്കുന്നതാണെന്ന് ആക്ഷപം ഉയര്‍ന്നിരുന്നു. ഇക്കാര്യം മീഡിയവണ്‍ റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുതുക്കിയത്. പുതിയ നിര്‍ദേശപ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തിലുള്ള റിപ്പോര്‍ട്ട് സിഡബ്ല്യുസി 60 ദിവസത്തിനകം തയ്യാറാക്കിയാല്‍ മതി. നേരത്തെയുള്ള ഉത്തരവില്‍ സിഡബ്ല്യുസി അനുമതി നല്‍കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളെ അനാഥാലയങ്ങളില്‍ പ്രവേശിപ്പിക്കാനാകൂവെന്നായിരുന്നു പറഞ്ഞിരുന്നത്. ലോക് ഡൌണ്‍ കാലത്ത് വീടുകളിലേക്ക് മടങ്ങിയ 17000ത്തോളം കുട്ടികളുടെ പുനപ്രവേശന പ്രതിസന്ധിക്കാണ് ഇതോടെ താല്‍ക്കാലികമായി പരിഹാരമാകുന്നത്.

ജുവനൈല്‍ ജസ്റ്റിസ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ സുപ്രിംകോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയ സ്ഥാപനങ്ങള്‍ക്ക് മെയ് 25ലെ ഉത്തരവ് ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതും വലിയൊരു വിഭാഗം അനാഥാലയങ്ങള്‍ക്ക് സഹായകരമാവും.