LiveTV

Live

Kerala

"എന്‍റെ കൊച്ച് കോപ്പിയടിക്കില്ല, അവളെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാ": മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ പിതാവ്

'കൊച്ച് കോപ്പിയടിച്ചെങ്കില്‍ കോപ്പിയടിച്ച പേപ്പര്‍ കാണിക്കാന്‍ പറഞ്ഞു. അതുപോലും കാണിച്ചില്ല. പൊലീസുകാരും ഞങ്ങളെ പിന്തുണച്ചില്ല'

"എന്‍റെ കൊച്ച് കോപ്പിയടിക്കില്ല, അവളെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാ": മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ പിതാവ്

കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷക്കിടെ ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ കോട്ടയം സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ നിന്നാണ് അഞ്ജു ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ജു പരീക്ഷയെഴുതിയ ഹോളി ക്രോസ് കോളജിനെതിരെ പിതാവ് ഗുരുതരമായ പരാതി ഉന്നയിച്ചു. വിദ്യാര്‍ഥിനിയെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ് ഷാജി പറഞ്ഞു-

"എന്‍റെ കൊച്ച് കോപ്പിയടിക്കില്ല സാറേ, പഠിക്കുന്ന കോളജില്‍ ചോദിച്ചുനോക്ക്. അവള് നല്ല മാര്‍ക്കോടെയാ പാസ്സായത്. ആ കോളജില്‍ പരീക്ഷ പാസ്സായ അഞ്ച് പേരില്‍ ഒരാളാണ്. കൊച്ച് കോപ്പിയടിച്ചെങ്കില്‍ കോപ്പിയടിച്ച പേപ്പര്‍ കാണിക്കാന്‍ പറഞ്ഞു. അതുപോലും കാണിച്ചില്ല. പൊലീസുകാരും ഞങ്ങളെ പിന്തുണച്ചില്ല. മൂന്നാമത്തെ ദിവസമാ കൊച്ചിനെ കാണാതായിട്ട്. സിസിടിവി നോക്കാന്‍ പറഞ്ഞിട്ട് അത്പോലും പോലീസ് നോക്കിയില്ല. ഞങ്ങള് പോയാ നോക്കിയത്. പരീക്ഷക്കിടെ അച്ചന്‍ പേപ്പര്‍ വലിച്ച് മേടിക്കുന്നത് സിസിടിവിയിലുണ്ട്. കൊച്ചിനെ മാനസികമായി പീഡിപ്പിച്ചു. മുക്കാല്‍ മണിക്കൂറ്‍ കൊച്ച് അങ്ങനെയിരിക്കുന്നത് കാണാം. കുട്ടിയെ ഒന്ന് കണ്ടുകിട്ടാന്‍ വേണ്ടിയായിരുന്നു ഈ നിമിഷം വരെ തിരച്ചില്‍. കോളജിനും പ്രിന്‍സിപ്പലിനുമെതിരെ പരാതി നല്‍കും. കൂലിവേലക്കാരനാ ഞാന്‍. അല്ലാതെ പണക്കാരനൊന്നുമല്ല. ഒരു ക്ലാസിലും തോല്‍ക്കാതെ പഠിച്ച് ഞങ്ങക്ക് ആശ്രയമാവേണ്ടവളായിരുന്നു"- മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ അഞ്ജുവിന്‍റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കോപ്പിയടിച്ചെന്ന് ആരോപിച്ച് ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി
Also Read

കോപ്പിയടിച്ചെന്ന് ആരോപിച്ച് ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

പ്രൈവറ്റ് കോളജിലെ ബിരുദ വിദ്യാർഥിനിയായ അഞ്ജു ഷാജിക്ക് ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജാണ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിരുന്നത്. ശനിയാഴ്ച്ച പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ശനിയാഴ്ച്ച സന്ധ്യ കഴിഞ്ഞും കുട്ടി വീട്ടിൽ എത്താതിരുന്നപ്പോൾ മാതാപിതാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗ് ചേർപ്പുങ്കലിലെ പാലത്തിൽ നിന്ന് കണ്ടെത്തി. മീനച്ചിലാറ്റിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ ഫയർഫോഴ്‌സ് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇന്നാണ് മീനച്ചിലാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.