LiveTV

Live

Kerala

പൊല്‍-ആപ്പുമായി കേരള പൊലീസ്

പൊല്‍-ആപ്പ് എന്ന് പേരിട്ട ആപ്ലിക്കേഷന്‍ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയതാണ്

പൊല്‍-ആപ്പുമായി കേരള പൊലീസ്

കേരളാ പൊലീസിന്‍റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തു. പൊല്‍-ആപ്പ് എന്ന് പേരിട്ട ആപ്ലിക്കേഷന്‍ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയതാണ്. നേരത്തെ ആപ്പിന് പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് കേരള പൊലീസ് ഫേസ്ബുക്ക് പേജ് വഴി രംഗത്തെത്തിയിരുന്നു. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യത ലഭിച്ചതുമായ "POL-APP" എന്ന പേരാണ് കേരള പൊലീസ് ആപ്പിന് നല്‍കിയിരിക്കുന്നത്. പേര് നിർദ്ദേശിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്തിന് സംസ്ഥാനപോലീസ് മേധാവി ഉപഹാരം നൽകുമെന്നും കേരള പൊലീസ് അറിയിച്ചു. 2020 ജൂൺ 10ന്ഓൺലൈൻ റിലീസിങിലൂടെ ആപ് ഉത്‌ഘാടനം ചെയ്യും.

പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്‌ഐ‌ആർ ഡൗൺലോഡ്, പൊലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം, ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പൊലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, വെബ്‌സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നത്.