'സിഗരറ്റ് കൊണ്ട് ദേഹമാസകലം പൊള്ളിച്ചു, ഉപദ്രവിച്ചത് മകന്റെ മുന്പില് വെച്ച്, കേസ് കൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തി': യുവതി മീഡിയവണിനോട്
'കാട്ടിലേക്ക് കൊണ്ടുപോയി അടിക്കുകയൊക്കെ ചെയ്തു. സിഗരറ്റ് കുറ്റികൊണ്ട് തുടയില്‍ പൊള്ളിച്ചു. അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു'- യുവതി പറയുന്നു

തിരുവനന്തപുരത്ത് ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ക്രൂര പീഡനത്തിനിരയാക്കിയ സംഭവം യുവതി മീഡിയവണിനോട് വെളിപ്പെടുത്തി. യുവതി പറഞ്ഞതിങ്ങനെ-
"രണ്ട് ദിവസമായി ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഇന്നലെയും അങ്ങനെ കൊണ്ടുപോയി. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ഭര്‍ത്താവ് മദ്യപിച്ചു. എന്നെയും മദ്യം കുടിപ്പിച്ചു. അതുകഴിഞ്ഞ് ഭര്‍ത്താവ് കൂട്ടുകാര്‍ വന്നപ്പോള്‍ അവരുടെ കൂടെ പുറത്ത് പോയി. കുറച്ചുകഴിഞ്ഞ് അവരില്‍ ഒരാള്‍ മുറിയിലേക്ക് വന്ന് എന്റെ തോളില്‍ പിടിച്ചു. ആ വീട്ടിലെ അമ്മൂമ്മ മോള് വേഗം രക്ഷപ്പെടൂ, അവര്‍ ശരിയല്ലെന്ന് പറഞ്ഞു. അഞ്ച് വയസ്സുള്ള മൂത്ത മകന് എന്റെ ഒപ്പമുണ്ടായിരുന്നു. ഇളയ ആള് ഭര്‍ത്താവിനൊപ്പം പുറത്തുപോയിരുന്നു.
ഞാന്‍ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ സുഹൃത്തുക്കള്‍ വന്ന് ഭര്‍ത്താവ് അവിടെ അടിയുണ്ടാക്കുന്നു, ചേച്ചി ഒന്ന് വരണം എന്ന് പറഞ്ഞു. പുറത്ത് ഒരു വണ്ടിയുണ്ടായിരുന്നു. അതില്‍ എന്നെ കയറ്റിക്കൊണ്ടുപോയി. കാട്ടിലേക്ക് കൊണ്ടുപോയി അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. സിഗരറ്റ് കുറ്റികൊണ്ട് തുടയില്‍ പൊള്ളിച്ചു. അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു. പിന്നെ ബോധം വന്നപ്പോഴേക്കും ചുരിദാറിന്റെ പാന്റൊന്നും കാണുന്നില്ലായിരുന്നു. മോനെയും അവര്‍ അടിച്ചു. അതോടെ മോനെ ഒന്ന് വീട്ടിലെത്തിക്കണമെന്നും എങ്കില്‍ ഞാന്‍ കൂടെ വരാമെന്നും അവരോട് പറഞ്ഞു. റോഡില്‍ എത്തിയപ്പോള്‍ അവര്‍ വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മോനെയും കൂട്ടി ഓടി. ഒരു ബൈക്ക് കണ്ടപ്പോള്‍ കൈ കാണിച്ചു. അയാളാണ് ഒരു വണ്ടിയില്‍ വീട്ടിലെത്തിച്ചത്. പിന്നീട് എന്നെ ആശുപത്രിയിലാക്കി. അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു. കുറച്ച് കഴിഞ്ഞ് ഭര്‍ത്താവും ഇളയ കുട്ടിയും എത്തി. കേസ് കൊടുക്കരുതെന്ന് പറഞ്ഞു. എന്നെ രക്ഷിച്ച് വീട്ടിലെത്തിച്ചവര്‍ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസെത്തി ഭര്‍ത്താവിനെ കൊണ്ടുപോയി".
തന്നെ ഉപദ്രവിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി പറഞ്ഞു. മന്‍സൂര്‍ എന്നയാളാണ് ഏറ്റവും ഉപദ്രവിച്ചത്. അയാളുടെ പേര് മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു. മറ്റുള്ളവരെയും കണ്ടാല്‍ അറിയാമെന്ന് യുവതി പറഞ്ഞു. അഞ്ച് വയസ്സുള്ള മകനാണ് കേസിലെ സാക്ഷി. ഇന്ന് കൂടുതല്‍ പരിശോധന നടത്തും. പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തു.
വീട്ടില്‍ എന്നും പ്രശ്നങ്ങളായിരുന്നുവെന്നും ഒരു മാസമായിട്ടേയുള്ളൂ ഭര്‍ത്താവുമൊത്ത് ഒരുമിച്ച് പോയിട്ടെന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് പെയ്ന്റിങ് ജോലി ചെയ്യുന്നയാളാണ്. പള്ളിയില്‍ പരാതി കൊടുത്ത ശേഷമാണ് ഭര്‍ത്താവ് വന്ന് വിളിച്ചുകൊണ്ടുപോയതെന്നും യുവതി പറഞ്ഞു.
യുവതിയെ പൊലീസ് വീട്ടിലേക്ക് അയച്ചത് അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. പൊലീസ് വീട്ടിലേക്ക് തിരിച്ചയച്ചത് ശരിയായില്ല. സംഭവത്തില്‍ വനിതാ കമീഷന് സ്വമേധയാ കേസെടുക്കുമെന്നും എം സി ജോസഫൈന് മീഡിയവണിനോട് പറഞ്ഞു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ആരുടെ താത്പര്യത്തിന് വഴങ്ങിയാണ് വീട്ടിലേക്ക് തിരിച്ചയച്ചതെന്ന് പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. പ്രതികളെ പിടികൂടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്ത തരത്തിലുള്ള ശിക്ഷ പ്രതികള്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.