LiveTV

Live

Kerala

ക്ഷേത്രമുറ്റത്ത് പൂജാരിക്കൊപ്പം ''മൈത്രി'' നട്ട് മുനവറലി ശിഹാബ് തങ്ങള്‍: വൈറലായി ഫോട്ടോ

'ആ തൈ വളര്‍ന്നൊരു വൃക്ഷമായി, പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണല്‍ വിരിക്കട്ടെ..'

ക്ഷേത്രമുറ്റത്ത് പൂജാരിക്കൊപ്പം ''മൈത്രി'' നട്ട് മുനവറലി ശിഹാബ് തങ്ങള്‍: വൈറലായി ഫോട്ടോ

മലപ്പുറം ജില്ലയാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളുടെയും സോഷ്യല്‍മീഡിയയുടെയും പ്രധാന ചര്‍ച്ചാവിഷയം.. പാലക്കാട് സ്ഫോടകവസ്തു പൊട്ടി പരിക്കേറ്റ ആന ചെരിഞ്ഞത് അതിര്‍ത്തി ജില്ലയായ മലപ്പുറത്തിന്‍റെ അക്കൌണ്ടില്‍ വരവ് വെക്കപ്പെട്ടതോടുകൂടിയാണ് മലപ്പുറത്തിനെതിരായ വിദ്വേഷപ്രചരണത്തിന് വീണ്ടും ശക്തിയാര്‍ജിച്ചത്. കേരളത്തിലെ മുസ്‍ലിം ഭൂരിപക്ഷ ജില്ലയാണ് മലപ്പുറം എന്നതിനാല്‍ ഹിന്ദുക്കളുടെ പുണ്യമൃഗത്തെ മുസ്ലിം ഭൂരിപക്ഷ ജില്ലയില്‍ ഉള്ളവര്‍ കൊലപ്പെടുത്തി എന്ന രീതിയിലായിരുന്നു വ്യാജപ്രചരണം. ആന ചരിഞ്ഞത് പാലക്കാട് ജില്ലയിലാണെന്ന് തിരുത്തി ദേശീയമാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയെങ്കിലും വ്യാജപ്രചാരണത്തില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴും ചിലരെങ്കിലും തയ്യാറായിട്ടില്ല. മലപ്പുറം അക്രമങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്ന മനേകാ ഗാന്ധിയുടെ അവാസ്തവ പ്രചരണവും കേരളത്തില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ച് ബിജെപി കേന്ദ്രങ്ങളുടെ നടത്തിയ വിദ്വേഷ പ്രചരണവും ഇപ്പോഴും കൊഴുക്കുകയാണ്.

ഇതിനിടയിലാണ് മലപ്പുറത്തു നിന്നുള്ള ഒരു എഫ് ബി പോസ്റ്റ് വൈറലാകുന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് വൃക്ഷത്തൈ നടുന്ന ഫോട്ടോയാണ് വൈറലാകുന്നത്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചായിരുന്നു ഈ തൈ നടല്‍. കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്ര അങ്കണത്തില്‍ പരിസ്ഥിതി ദിനത്തില്‍ പൂജാരി മണികണ്ഠന്‍ എമ്പ്രാന്താരിക്കൊപ്പം വൃക്ഷത്തൈ നടുന്ന ചിത്രം തങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. .

ക്ഷേത്രമുറ്റത്ത് പൂജാരിക്കൊപ്പം ''മൈത്രി'' നട്ട് മുനവറലി ശിഹാബ് തങ്ങള്‍: വൈറലായി ഫോട്ടോ

തങ്ങള്‍ നട്ട വൃക്ഷത്തിന് മൈത്രി എന്നാണ് പേര് നല്‍കിയിരിക്കുന്നത് മുനവറലി തങ്ങള് പറയുന്നു‍. 'ആ തൈ വളര്‍ന്നൊരു വൃക്ഷമായി, പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണല്‍ വിരിക്കട്ടെ..' എന്നും മുനവറലി ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.