LiveTV

Live

Kerala

പാലക്കാട് കാട്ടാന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

അമ്പലപ്പാറ സ്വകാര്യ എസ്റ്റേറ്റ് നടത്തിപ്പുകാരനായ വില്‍സണാണ് അറസ്റ്റിലായത്

പാലക്കാട് കാട്ടാന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ  ഒരാള്‍  അറസ്റ്റില്‍

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കാട്ടാന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. അമ്പലപ്പാറ സ്വകാര്യ എസ്റ്റേറ്റ് നടത്തിപ്പുകാരനായ വില്‍സണാണ് അറസ്റ്റിലായത്. വനംവകുപ്പാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവിടെ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുകയാണ് വില്‍സണ്‍.

പാലക്കാട് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്ന നിലയിലാണ് കാട്ടാനയെ കണ്ടെത്തിയത്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടു ദിവസത്തിന് ശേഷം ആന ചെരിഞ്ഞു.

കാട്ടുപന്നിക്കൊരുക്കിയ പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ആനയ്ക്ക് പരിക്കേറ്റത്. ആനയുടെ മുഖം സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു. വായും മൂക്കും പൂര്‍ണമായി ഇല്ലാതായിരുന്നു. ഭക്ഷണം കഴിക്കാനാകാതെ ഏറെ ദിവസം കിടന്ന ശേഷമാണ് ആന മരണത്തിന് കീഴടങ്ങിയത്. വേദന സഹിക്ക വയ്യാതെ തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാര്‍ പുഴയില്‍ മുഖം പൂഴ്ത്തി നില്‍ക്കുന്ന സ്ഥിതിയിലാണ് വനപാലകര്‍ ഈ ആനയെ കണ്ടെത്തിയത്. മുറിവിന്റെ വേദന അറിയാതിരിക്കാനും മുഖത്തെ മുറിവില്‍ ഈച്ചകളും മറ്റ് പ്രാണികളും വന്നിരിക്കുന്നത് തടയാനും ആകണം ആന ഇങ്ങനെ ചെയ്തതെന്നും ഫോറസ്റ്റ് ഓഫീസര്‍മാര്‍ പറഞ്ഞിരുന്നു. കാട്ടാന ഗര്‍ഭിണി ആയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെയാണ് മനസിലാക്കാനായത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പതിനഞ്ച് വയസോളം പ്രായമുള്ള ആനയാണിത്.

ആന ചരിഞ്ഞ സംഭവം: മലപ്പുറത്തല്ലെന്ന് വ്യക്തമായിട്ടും തിരുത്താതെ കേന്ദ്രം
Also Read

ആന ചരിഞ്ഞ സംഭവം: മലപ്പുറത്തല്ലെന്ന് വ്യക്തമായിട്ടും തിരുത്താതെ കേന്ദ്രം

പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി മനേക ഗാന്ധി
Also Read

പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി മനേക ഗാന്ധി

ഇല്ലാതായത് രണ്ട് ജീവന്‍: പാലക്കാട് സ്‍ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞ കാട്ടാന ഗര്‍ഭിണി
Also Read

ഇല്ലാതായത് രണ്ട് ജീവന്‍: പാലക്കാട് സ്‍ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞ കാട്ടാന ഗര്‍ഭിണി

കുങ്കിയാനകളെ എത്തിച്ച് കരക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. മേയ് 27-നാണ് ആന ചരിഞ്ഞത്.

നിലമ്പൂര്‍ സെക്ഷന്‍ വനപാലകന്‍ മോഹന്‍ കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്. വിശപ്പ് സഹിക്കാനാകാതെ ആ കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്ക് തീറ്റ തേടിയെത്തിയെങ്കിലും ആരെയും ഉപദ്രവിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സംഭവത്തെ തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഒരാള്‍ അറസ്റ്റിലായത്. ആന ചരിഞ്ഞതിനെ തുടര്‍ന്ന്, മലപ്പുറത്തിനെതിരെ സോഷ്യല്‍മീഡിയയിലും ദേശീയമാധ്യമങ്ങളിലും വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ രീതിയിലുള്ള പോസ്റ്റുകളും വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു.