LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ഡോക്ടര്‍മാരടക്കം 80 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് സ്ഥിരീകരിച്ച മാവൂർ സ്വദേശിയായ 5 വയസ്സുകാരിയെയും, മണിയൂര്‍ സ്വദേശിനിയെയും മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സിച്ചവരാണ് നിരീക്ഷണത്തില്‍ പോയത്

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ഡോക്ടര്‍മാരടക്കം 80 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. കോവിഡ് സ്ഥിരീകരിച്ച മാവൂർ സ്വദേശിയായ 5 വയസ്സുകാരിയെയും, മണിയൂര്‍ സ്വദേശിനിയെയും മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സിച്ചവരാണ് നിരീക്ഷണത്തില്‍ പോയത്. മാവൂരില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് തിരിച്ചറിയാത്ത സാഹചര്യത്തില്‍ പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശിനിയും മാവൂരിലെ അഞ്ച് വയസ്സുകാരിയും ഒരാഴ്ചയിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. മണിയൂര്‍ സ്വദേശിനി പ്രസവത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാല്‍ മെയ് 24നാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.

ശസ്ത്രക്രിയയ്ക്ക് വിധേയമായ ഇവരെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. മാവൂരിലെ അഞ്ച് വയസ്സുകാരി മെയ് 25നും മെഡിക്കല്‍ കോളേജിലെത്തി. കോവിഡ് രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഇവരുമായി ഇടപഴകിയിരുന്നു.

ഇന്നലെയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതിന്‍റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മാവൂര്‍ സ്വദേശിക്ക് രോഗം വന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിനെ കണ്ടെയ്‍ന്‍‍മെന്‍റ് സോണായി പ്രഖ്യാപിച്ചത്. സംസ്ഥാന പാതയിലൂടെ മാത്രമേ ഗതാഗതം അനുവദിക്കൂ. നിയന്ത്രണങ്ങളും കര്‍ശനമാക്കി.