LiveTV

Live

Kerala

ആന ചരിഞ്ഞ സംഭവം: മലപ്പുറത്തല്ലെന്ന് വ്യക്തമായിട്ടും തിരുത്താതെ കേന്ദ്രം

മലപ്പുറത്ത് ആനയെ കൊന്നത് കേന്ദ്രസര്‍ക്കാര്‍ ഗൌരവത്തോടെയാണ് കാണുന്നതെന്ന പ്രകാശ് ജാവ്ദേക്കറുടെ ട്വീറ്റ് ഇപ്പോഴും അവിടെയുണ്ട്.

ആന ചരിഞ്ഞ സംഭവം: മലപ്പുറത്തല്ലെന്ന് വ്യക്തമായിട്ടും തിരുത്താതെ കേന്ദ്രം

ഗർഭിണിയായ ആന സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനെതിരായ വ്യാജ പ്രചാരണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ആന ചരിഞ്ഞ സംഭവത്തില്‍ ബി.ജെ.പി എംപിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക ഗാന്ധി തുടങ്ങിവെച്ച വിദ്വേഷ പ്രചാരണം കേ​ന്ദ്ര വ​നം - പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​റും ഏറ്റെടുക്കുകയുണ്ടായി. വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ച ദേശീയ മാധ്യമങ്ങളില്‍ ഒന്നായ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ സംഭവം നടന്നത് മലപ്പുറത്തല്ല, പാലക്കാട് ആണെന്ന് തിരുത്തിയിട്ടും തെറ്റ് പറ്റിയതില്‍ സോഷ്യല്‍ മീഡിയയില്‍ മാപ്പ് പറഞ്ഞിട്ടും തിരുത്താന്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ബി.ജെ.പി നേതാക്കള്‍ തയ്യാറായിട്ടില്ല.

മലപ്പുറത്ത് ആനയെ കൊന്നത് കേന്ദ്രസര്‍ക്കാര്‍ ഗൌരവത്തോടെയാണ് കാണുന്നതെന്ന പ്രകാശ് ജാവ്ദേക്കറുടെ ട്വീറ്റ് ഇപ്പോഴും അവിടെയുണ്ട്. കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടും. പ​ട​ക്കം തീ​റ്റി​ച്ച് കൊല്ലുന്നത് ഇ​ന്ത്യ​ന്‍ സം​സ്കാ​ര​മ​ല്ലെ​ന്നും പ്ര​കാ​ശ് ജാ​വ്ദേ​ക്കറുടെ ട്വീറ്റില്‍ പറയുന്നു.

ആന ചരിഞ്ഞ പശ്ചാത്തലത്തില്‍ മനേക ഗാന്ധി മലപ്പുറത്തിനെതിരെ നടത്തിയ പരാമര്‍ശവും ഇതുവരെ തിരുത്തിയിട്ടില്ല. മലപ്പുറം തീവ്രമായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലമാണെന്നാണ് മനേക ട്വീറ്റ് ചെയ്തത്- ‘മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പേര് കേട്ടതാണ്. ഒരു വേട്ടക്കാരനെതിരെയും വന്യജീവി കൊലപാതകിക്കെതിരെയും ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ടാണ് അവർ ഇത് ചെയ്തുകൊണ്ടേയിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് മെയില്‍ ചെയ്യുകയോ വിളിക്കുകയോ ചെയ്യുക എന്നത് മാത്രമാണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്’- മന്ത്രി കെ രാജു, വനംവകുപ്പ് സെക്രട്ടറി ആശ തോമസ് തുടങ്ങിയവരുടെ ഫോണ്‍ നമ്പറുകളും ഇ മെയില്‍ ഐഡികളും ട്വീറ്റിനൊപ്പം ചേര്‍ക്കുകയും ചെയ്തു.

പ​ട​ക്കം തീ​റ്റി​ച്ച് ആ​ന​യെ കൊ​ന്നു​വെ​ന്നും സം​ഭ​വം ന​ട​ന്ന​ത് മ​ല​പ്പു​റ​ത്താ​ണെ​ന്നു​മു​ള്ള എ​ന്‍.ഡി.​ടി.​വി വാ​ര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. വാര്‍ത്തയില്‍ ജില്ലയുടെ പേര് തെറ്റികൊടുത്തതില്‍ ഖേദിക്കുന്നുവെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തിരുത്തിയെന്നും റിപ്പോര്‍ട്ടര്‍ ശൈലജ വര്‍മ ട്വീറ്റ് ചെയ്തു. പക്ഷേ എന്നിട്ടും സംഘപരിവാര്‍ അനുകൂലികള്‍ വിദ്വേഷ പ്രചാരണം തുടരുകയാണ്. ആനയുടെ പേര് ഉമാദേവി എന്നാണ്, ഹിന്ദു ദൈവമായ ഗണപതിയെയാണ് കൊന്നുകളഞ്ഞത് എന്നിങ്ങനെയുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.